“കവിത കൈവിട്ടതെവിടെവച്ചാണെന്‍റെ
കനലുപാകിയ ജീവിതയാത്രയില്‍
കരളുനൊന്തു തിരയുകയാണതിന്‍
കണികയെങ്കിലും വീണ്ടെടുത്തീടുവാന്‍......”
ഈ നാലുവരികളില്‍ ഒരു കവിയുടെ ആത്മാവിന്റെ അടയാളവാക്യം പൂര്‍ണ്ണമായി നിങ്ങള്‍ക്ക് ബോധ്യപ്പെടുന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ പ്രിയപ്പെട്ട അംബികയെന്ന ഈ എഴുത്തുകാരിയുടെ ആത്മകഥ തന്നെയാകാം. അകം എന്ന ഈ കവിതാസമാഹാരത്തിലെ കവിതയായ “കവിത കൈവിട്ട കനല്‍വഴി”യുടെ തുടക്കം ഈ വരികളാണ്... അതുകൊണ്ടുതന്നെ ഈ പുസ്തകം തുറക്കുമ്പോള്‍ അകം മുഴുവന്‍ ഓരോ ആത്മാവിന്റെ കഥകളാണ് .
ഒരു സാഹിത്യരചനയുടെ അടിത്തറ
തികഞ്ഞ ആത്മാര്‍ത്ഥതയാകുമ്പോഴാണ് അത് നല്ലതും ശാശ്വതവുമാകുന്നതെന്ന്‍ ചിന്തകനായ
പ്ലേറ്റോ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹമങ്ങനെ പറഞ്ഞതുകൊണ്ട് ആത്മാര്‍ഥമായി
മാത്രം സാഹിത്യപ്രവര്‍ത്തനം നടത്തുന്നവരാണ് ലോകംമുഴുവന്‍ ഉള്ളതെന്ന് നമുക്ക്
വിശ്വസിക്കാന്‍ കഴിയില്ല....എന്നാല്‍ ഒരു സാഹിത്യരചനയിലെ ആത്മാര്‍ത്ഥത വളരെവേഗം
മനസിലാക്കാനും അത് സ്വീകരിക്കാനും കഴിവുള്ളവരാണ് ഭൂരിപക്ഷം വായനക്കാരും....ഒരു
സാഹിത്യകൃതിയിലും ഈ പറയുന്ന ആത്മാര്‍ത്ഥത ഏതെങ്കിലും അളവില്‍ കുത്തിനിറയ്ക്കാന്‍
കഴിയില്ല... അത് എഴുത്തുകാരന്‍ പോലുമറിയാതെ കൃതിയില്‍ സ്വാഭാവികമായി നിറയണം...
അത്തരമൊരു സ്വാഭാവികമായ ആത്മാര്‍ത്ഥതയുണ്ട് അംബികയുടെ എഴുത്തില്‍
ഉടനീളം...അതുതന്നെയാണ് ഈ പുസ്തകത്തിലെ കവിതകളുടെ അകവും പുറവുമുള്ള സൗന്ദര്യം...
മുഖപുസ്തകമടക്കം വിവിധ
മീഡിയകളില്‍ അംബിക പല കാലങ്ങളായി എഴുതിയ കവിതകളില്‍ നിന്നും തിരഞ്ഞെടുത്ത
നാല്പതിലധികം കവിതകളാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അംബികയുടെ
ജീവിതാനുഭവങ്ങളുടെ വിഭിന്നഭാവങ്ങളോരോന്നും അതാത് കാലഘട്ടത്തിനനുസരിച്ച്
വികസിക്കുന്നത് അകം തുറക്കുമ്പോൾ നമുക്ക് അനുഭവപ്പെടുന്നുണ്ട്. ഒരു പുസ്തകത്തിന്
അതിന്റെ വായനക്കാരുമായി വൈയക്തികബന്ധം സ്ഥാപിക്കാൻ കഴിയുമ്പോഴാണ് എഴുത്തുകാരൻ, അല്ലെങ്കിൽ എഴുത്തുകാരിയെക്കുറിച്ചുള്ള ഒരു
പഠനത്തിലേക്ക് നമുക്ക് കടക്കേണ്ടിവരിക..അവിടെവെച്ച് കവിയുടെ മാനസികവും
ധാർമ്മികവുമായ വളർച്ചയുടെ ഭിന്നഘട്ടങ്ങൾ നമുക്ക് ബോധ്യമാകുന്നു. അംബിക എന്ന
എഴുത്തുകാരി ജീവിതത്തിന്റെ ഏതാണ്ട് പകുതിയോളം കാലം കഴിഞ്ഞത് എഴുതിക്കൊണ്ടല്ല. എങ്കിലും
അകത്ത് ഒരു എഴുത്ത് നടന്നിരുന്നു എന്നത് ഈ സമാഹാരം തെളിവെടുപ്പ് നടത്തി നമുക്ക്
സമക്ഷം സാക്ഷി പറയുന്നുണ്ട്..
ഈ പുസ്തകത്തിലൂടെ
സഞ്ചരിക്കുമ്പോൾ മാറ്റൊലികൾക്ക് മാത്രമായി ഒരു ശ്രമം നടത്താതെ എഴുത്തിൽ മൌലികസ്വരം
പ്രകടിപ്പിക്കാൻ അംബിക ശ്രമിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്..വിഷയങ്ങൾക്ക്
പുറത്ത് ദുരൂഹതയോ ദുർഗ്രഹനിരീക്ഷണമോ കെട്ടിക്കേറ്റി വായനക്കാരിൽ അമിതമായ ഭാരം
പിടിച്ചുവെക്കാനൊന്നും അംബികയ്ക്ക് താല്പര്യമില്ല.. അതുകൊണ്ടുതന്നെ ലളിതവും
സരളവുമായ ഒരു എഴുത്തുരീതി ഈ പുസ്തകത്തിലുടനീളമുണ്ട്..ലളിതമായി
സമീപിക്കുന്നതുകൊണ്ട് കവിതയ്ക്ക് ആവശ്യംവേണ്ട ദ്വിമാനസ്വഭാവവും ത്രിഗുണവും
ഒരിടത്തും നഷ്ടമാകാതെ സൂക്ഷിക്കാനും അംബികയ്ക്ക് കഴിയുന്നുണ്ട്..
പൊതുവില്‍ അകം കവിതകളുടെ
പ്രധാന പ്രത്യേകതയായി എനിക്ക് തോന്നിയത് അത് മിക്കവാറും രണ്ടുപേര്‍ക്കിടയിലുള്ള
സംവാദമോ സംഭാഷണമോ അല്ലെങ്കില്‍ ഒരാള്‍ മറ്റൊരാളോട് പറയുന്ന സര്‍വ്വസാധാരണമായ
തിരക്കഥയെഴുത്ത് രീതിയോപോലൊക്കെ നമുക്ക് അനുഭവപ്പെടാം എന്നതാണ്. ഈ രണ്ടുപേരില്‍
ഒരാള്‍ കവിയാണെങ്കിൽ മറ്റൊരാൾ ആരാണ് എന്നത് പ്രസക്തമായ ഒരു ചോദ്യമാണ്..
നമ്മളെക്കൂടി ആ മറ്റൊരാളായി ചിലയിടങ്ങളിൽ ചേർത്ത് നിർത്താനുള്ള ബോധപൂർവ്വമല്ലാത്ത
അംബികയുടെ ശ്രമം വിജയിക്കുന്നത് കൊണ്ടാണ് ഈ പുസ്തകത്തിന്റെ വായന കഴിയുമ്പോൾ
നമുക്ക് ഈ പുസ്തകത്തോട് ഒരു വൈയക്തിക ബന്ധം ഉണ്ടാകുന്നത്..വായന കഴിഞ്ഞ് ഈ
പുസ്തകം അടച്ചുവെക്കുമ്പോഴും ആ ഒരു നേരിയ
പ്രകാശം ഇത് പ്രതിഫലിപ്പിക്കുന്നുണ്ട്.
“മറന്നുവോ..? നമ്മൾ
മനസ്സുകൾ കോർത്തു
നിമിഷതീരങ്ങൾ കടന്ന രാവുകൾ.."
(ഒരിക്കലെങ്കിലും)
വായനയിൽ ഈ വരികളിലെ
നമ്മൾ എന്ന വാക്ക് ശ്രദ്ധിച്ചോ. ഈ നമ്മളിലെ രണ്ട് പേരുടെ സാന്നിധ്യം തുടർന്നും പല
കവിതകളിലും കടന്നുവരുന്നുണ്ട്.
“നിന്നിലേക്കെത്രയും വേഗം
വരാമെന്നു-
ചൊല്ലിപ്പിരിഞ്ഞതാം നീരിന്റെ
വാക്കുകൾ..”
(നീരിന്റെ വാക്കുകൾ)
ഇവിടെ ആ പഴയ നമ്മൾ നീ ആയി
മാറുന്നു.
“തമ്മിൽ മിണ്ടാതൊരേ ശകടത്തിലെ
ഒറ്റവാതിൽ കടന്നു പോകുന്നു
നാം.."
(പാഠം)
ഈ വരികളിലുമുണ്ട് രണ്ടുപേർ..
“നീ പടിയിറങ്ങിപ്പോയ പടവുകൾ
നിത്യനോവിൻ
കടവുകൾ.. “
(വിസ്മൃതിയിലൊതുങ്ങാതെ)
ഇവിടുത്തെ നീകൂടിച്ചേരുന്ന നമുക്ക്,
മറ്റൊരിടത്തുമില്ലാത്ത പ്രത്യേകവ്യത്യസ്തതയുണ്ട്.
ഇവിടെ പ്രയോഗിക്കുന്ന നീയും നമ്മളും എന്നൊക്കെയുള്ള സർവ്വനാമങ്ങൾക്ക് പൊതുവിൽ ഒരു പാറ്റേൺ ആണെന്ന് തോന്നാമെങ്കിലും ഈ കവിതകളോരോന്നും വ്യത്യസ്ത ഭാവവും വികാരവുമാണ് പ്രകടിപ്പിക്കുന്നത്. ഇവർക്കിടയിൽ ഒത്തിരി അകലമുണ്ട്.. എന്നാൽ ഇവർ ഒരുത്തർക്കൊരുത്തർ പരസ്പരം സാന്ത്വനത്തണലിലുമാണ്. അങ്ങനെ പരസ്പരം തണലാകുമ്പോഴും അവർ തർക്കിക്കുന്നതും കലാപങ്ങളിൽ ഭാഗമാകുന്നതും കലഹങ്ങളുടെ കുടങ്ങൾ എറിഞ്ഞുടയ്ക്കുന്നതുമെല്ലാം നമുക്ക് കാണാം. അപ്പോഴും ജീവിതം പൊള്ളാതിരിക്കാൻ അവർ പരസ്പരം പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട്.
ഈ
കവിതകളുടെയെല്ലാം പ്രതലം ജീവിതമെന്ന മൂന്നക്ഷരം തന്നെയാണെന്ന് നമുക്കറിയാം.. അവിടെയാണല്ലോ
നമ്മളും ഞാനും നീയുമെല്ലാം കഥാപാത്രങ്ങളാകുന്നത്. ഒരുപക്ഷേ നമ്മൾ ഏറ്റവും കൂടുതൽ കുടിക്കുന്നതും
വറ്റിക്കുന്നതും ജീവിതം തന്നെയാണ്. അതിപ്പോൾ മധുരമായാലും കയ്പ്പും എരിവും നിറഞ്ഞതായാലും,
വേണ്ടെന്ന് തോന്നിയാലും കുടിക്കാതെ മറ്റ്
മാർഗ്ഗമില്ല. ജീവിതം പല തരത്തിലും വിധത്തിലും അങ്ങനെ നമുക്ക് സുപരിചിതമാകുമ്പോഴാണ്
അംബികയുടെ നിരീക്ഷണങ്ങൾ പലതും നമ്മളെ
സ്പർശിക്കുന്നതായി നമുക്ക് അനുഭവപ്പെടുന്നത്.
ഒരുപക്ഷേ അതിൽ എന്നെ ഏറ്റവും കൂടുതൽ നോവിച്ചത്,
“നാളെയീ
സൗധം വെടിഞ്ഞ് ഇറങ്ങുന്ന നാള്‍....
കൂടെക്കരുതാന്‍
കിരീടങ്ങളില്ലെടോ......
കൊണ്ടുപോകാനുള്ള
ഭാണ്ഡം
നിറയ്ക്കുവാന്‍,
സ്നേഹിപ്പൂ നിന്നെ...... “
(ഭാണ്ഡം മുറുക്കുമ്പോള്‍)
എന്ന
ഈ വരികളാണ്. ഭാണ്ഡം പലതിന്റെയും പ്രതീകമാണ് ഈ കവിതയില്‍. ഇരുവശത്തും നിന്നുകൊണ്ട്
ജീവിതത്തെ വിശകലനം ചെയ്യുമ്പോള്‍ ഭാണ്ഡം അവര്‍ക്കിടയില്‍ ഒരു അടയാളമായി മാറുന്നു.
ഞാനും നീയും നമ്മളുമെല്ലാം തകര്‍ത്താടുന്ന ജീവിതനാടകവേദിയില്‍ നിന്നും നമ്മള്‍ നേരെ ഇറങ്ങിവരുന്നതും ജീവിതം തന്നെ വിഷയമാകുന്ന കവിതകളിലേക്കാണ്.
”കാലചക്രത്തിന്‍
കറക്കത്തിനൊപ്പം
കറങ്ങിത്തിരിയുന്നു വേഷപ്പകര്‍ച്ചകള്‍..... “
(വേഷപ്പകര്‍ച്ചകള്‍)
“ഓളങ്ങളില്‍പ്പെട്ട്
അലഞ്ഞുലഞ്ഞിട്ടേതോകരകളില്‍ ചെന്നടിയും പാഴ്ത്തടിയല്ല മനുഷ്യജന്മം.....”
(പ്രയാണം)
“നിറഞ്ഞൊഴുകുന്ന
മഹാസമുദ്രത്തില്‍
മുളച്ചു പൊന്തുന്ന തുരുത്തുകള്‍ നമ്മള്‍.....”
(തുരുത്ത്)
“സാക്ഷിപോലെയീ
ജീവിതനാടകം നോക്കി
നോക്കി രസിക്കാന്‍ പഠിക്കുക....”
(ജീവിതം)
തുടങ്ങിയ കവിതകളിലൊക്കെ നിറഞ്ഞു നില്‍ക്കുന്നത് ജീവിതമാണ്. അതിന്‍റെ ശക്തിയും
ദൗര്‍ബല്യവും പ്രഭയും നിറം മാറ്റവുമെല്ലാം കവിയുടെ കണ്ണില്‍ പെടുന്നുണ്ട്.
ജീവിതവിഷയങ്ങള്‍ക്കിടയില്‍,
“മരമായ് പിറക്കേണം ഇനിയുണ്ട്
ജന്മമെന്നാകില്‍ മനുഷ്യനാകേണ്ട......”
(മടുപ്പ്)
എന്ന
കവിതയുടെ വ്യത്യസ്തമായ നിലപാടും,
“കണ്ണുനീരിന്റെ കാണാക്കടല്‍ തിര താണ്ടി
ജീവിതത്തോണി തുഴയവേ....."
(കവിത കൈവിട്ട കനല്‍വഴി)
എന്ന കവിതയിലെ ആത്മകഥാഗതിയും
ജീവിതത്തിന്‍റെ മറ്റ് രണ്ട് വ്യത്യസ്ത മുഖങ്ങളാണ്.
അംബികക്ക് ഇഷ്ടമുള്ള മറ്റൊരു വിഷയമാണ് ബാല്യം. “തനിച്ചിരിക്കലിന്റെ വ്യഥനെല്ലിക്കകള്‍ തിന്നുമടുത്ത കാലം... “ എന്നാണ് സ്വന്തം ബാല്യത്തെ അംബിക വിശേഷിപ്പിക്കുന്നത്. അമ്മയും ഒപ്പം ഏകാന്തത കൂട്ടിരുന്ന ആ ബാല്യകാലവും പല കവിതകളിലും നിറവും നിഴലുമായി കടന്നുവരുന്നുണ്ട്. ആ കാലത്തെ പശ്ചാത്തലമാക്കി കവിതയുടെ ധര്‍മ്മവും സ്വന്തം നിലപാട് തറയുടെ സൗന്ദര്യവും പ്രകടമാക്കുന്ന കവിതയാണ് “മുറ്റം കടക്കുമ്പോള്‍..” എന്ന കവിത. ഉപദേശവും സന്ദേശവും ആഹ്വാനവും മുന്നറിയിപ്പുമെല്ലാം ഈ കവിത വിളിച്ചുപറയുന്നുണ്ട്. ഒരു കുഞ്ഞുപെണ്മണിക്കുട്ടിയോട് അമ്മയോ അല്ലെങ്കില്‍ മുത്തശിയോ ഉപദേശിക്കുന്ന രീതിയിലാണ് ഈ കവിത അവതരിപ്പിച്ചിട്ടുള്ളത്. വീടിന്‍റെ മുറ്റം കടക്കുമ്പോള്‍ എന്ന്‍ കവിത സൂചിപ്പിക്കുമ്പോള്‍ ഇന്ന്‍ നമ്മുടെയെല്ലാം വീടിന്‍റെ മുറ്റം പോലും സുരക്ഷിതമല്ല എന്ന കാര്യം ഓര്‍ക്കാതിരിക്കാനാകില്ല. എന്നാലും ഓരോ മുറ്റത്തിനും പിന്നിലെ പൂമുഖപ്പടിയില്‍ യാത്രയാക്കാനും തിരികെവരുവോളം കാത്തിരിക്കാനും പണ്ടൊക്കെ നമുക്കെല്ലാം ഒരു മുത്തശ്ശിശക്തിയുണ്ടായിരുന്നു...ആ മുറ്റമായിരുന്നു മുത്തശിയുടെ അതിരും ലോകവും. ആ ലോകത്തിനപ്പുറമുള്ള മറ്റൊരു ലോകത്തെ മുത്തശ്ശി എങ്ങനെ കാണുന്നു എന്ന രീതിയിലാണ് കവിത പുരോഗമിക്കുന്നത്. മിന്നുന്നതെല്ലാം പൊന്നല്ല എന്ന്‍ പറയുന്ന വരികളില്‍ “കൂടെ നടക്കുമ്പോള്‍ കൂട്ടാളി.....” എന്ന് തുടങ്ങി പിന്നെ കയ്യാവ്..... കൂട്ടാവ്.... എന്നീ സാധാരണ സംസാരഭാഷാപ്രയോഗങ്ങള്‍ സുന്ദരമായി ഉപയോഗപ്പെടുത്തി കാവ്യസൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നത് നമുക്ക് വായനയില്‍ അനുഭവപ്പെടും.
അമ്മയെ കിനാവ് കാണുന്ന ഒരു കുട്ടിയെ മുന്നില്‍ നിര്‍ത്തുന്ന അമ്മക്കിനാവ് എന്ന കവിതയില്‍ വാത്സല്യവും അമ്മയുടെ സ്വപ്നങ്ങളും നിറഞ്ഞിരിക്കുമ്പോഴും നമ്മുടെ കണ്ണ്‍ നനയിക്കുന്ന കുഞ്ഞുനൊമ്പരങ്ങളുമുണ്ട്...
“പുള്ളിയുടുപ്പിന്‍
നിറം മങ്ങിയെങ്കിലും
ചേലുണ്ടിതിട്ടാല്‍
മണിക്കുരുന്നേ...... “
എന്ന്‍ കേള്‍ക്കുമ്പോള്‍ ബാല്യത്തിന്‍റെ ഓര്‍മ്മകളുടെ
ചിത്രത്തിന് നിറംകൂടും.
“കിട്ടാക്കനിയുടെ
നോവ് തികട്ടിയ
ബാല്യത്തിന്‍റെ
വിഷാദം..... “
(നിദാനം)
മറ്റൊരു ബാല്യകാലചിത്രം നമുക്ക് മുന്നില്‍ നിവര്‍ത്തുമ്പോള്‍
അതിലെ നീറുന്ന നിറങ്ങള്‍ കൂടുതല്‍ കടുപ്പമുള്ളത് ആകുന്നു...
”പൊട്ടിപ്പോയവയൊട്ടിക്കാനൊരു സ്നേഹപ്പശയില്ലാതെ......” നമ്മളും നിന്നുപോകുന്നു..
“ഓര്‍മ്മകളുടെ
തേരിലേറി
പിന്നോട്ട്
സഞ്ചരിച്ചാല്‍
നിസ്സഹായ
ബാല്യകൗമാരങ്ങളുടെ
പടം
പൊഴിഞ്ഞു വീണ
ഊഷരഭൂമിയില്‍
എത്താം.... “
(ഓര്‍മ്മകള്‍ക്കെന്ത്
ചെറുപ്പം)
“ഒറ്റപ്പെട്ടുപോയ ഒരു ബാല്യം
ഇടയ്ക്കിടെ കുഞ്ഞിക്കണ്ണുകള്‍
നിറച്ച്
മുന്നില്‍ വന്ന് നില്‍ക്കും.....
“
(കൂടെ)
എന്നീ കവിതകളിലും പശ്ചാത്തലം
ബാല്യംതന്നെയാണെങ്കിലും നിരീക്ഷണം തികച്ചും വ്യത്യസ്തമാണ്...
ഈ പുസ്തകത്തിന്‍റെ തന്നെ
പേരായി മാറിയ അകം എന്ന കവിത അല്പം ആത്മീയസ്വരം പ്രകടിപ്പിക്കുന്നു എന്ന്
തോന്നിപ്പിക്കുന്നു എങ്കിലും അതില്‍ കവിയുടെ നിശ്ചയവും നിലപാടുമാണ് കൂടുതല്‍
പ്രകടമായി കാണുന്നത്.
“കൂട്ടുണ്ട് മന്നിലയച്ചോരീശന്‍,
കൂടെന്തുവേറെയതിന്നു
മീതെ....”
(അകം)
ഈ വരികള്‍ കൊണ്ട് അകം തുറക്കുന്ന കവിതയില്‍ നമ്മള്‍ സിസാരരെന്ന്‍
കരുതുന്നവരെ, സ്വയം ഒറ്റപ്പെടുന്നു എന്ന്‍
വിഷമിക്കുന്നവരെയെല്ലാം ചേര്‍ത്തുപിടിക്കുന്ന ഒരു ചിന്ത കരുതിവെച്ചിട്ടുണ്ട്. മര്‍ത്യഗുണം
പോയാല്‍ ജീവിതത്തിന് എന്ത് മാറ്റ്, അല്ലെങ്കില്‍ മണവും ഗുണവുമെന്ന്‍
വിശ്വസിക്കുന്ന ഒരു അകമുണ്ട് ഈ വരികളില്‍. ആ അകമാണ് ഈ പുസ്തകത്തിന്റെയും കാതല്‍. ആത്മീയതയുടെ
മറ്റൊരു നിറക്കൂട്ട് തന്നെയാണ് അദ്വൈതം എന്ന കവിത. കണ്ണനെ സംബോധന ചെയ്തുകൊണ്ട്
ആരംഭിക്കുന്ന കവിതയില്‍ “നിത്യവും നിന്നെ കണികാണുവാന്‍ പദാന്തികേ ശയനം ... കണ്ണാ”
എന്ന വരികളിലുള്ള പദാന്തികേ എന്ന പ്രയോഗത്തിന് നിരവധി വ്യാഖ്യാനങ്ങള്‍ നല്‍കി
ആസ്വദിക്കാന്‍ കഴിയും. സാമൂഹ്യവിമര്‍ശനവും പൊതുജീവിത
നിരീക്ഷണവും കവിയുടെ പ്രധാന ധര്‍മ്മം തന്നെയാണെന്ന് വിശ്വസിക്കുന്നവരാണല്ലോ നമ്മള്‍.
ആ കാര്യത്തില്‍ നമ്മുടെ കവിയും ഒട്ടും പിന്നിലേക്ക് മാറി നില്‍ക്കുന്നില്ല.
ഒരു
നോമ്പ് കാലത്തിന്റെ ഓര്‍മ്മയില്‍
“തോണ്ടയോളമിറങ്ങിയാല്‍
നാവറിഞ്ഞ രുചിയുണ്ടോ...
“
(ജീവന്‍ പിടയ്ക്കുന്ന രുചി)
എന്ന ചോദ്യത്തിലൂടെ ഒരു വലിയ സാമൂഹ്യവിഷയത്തെ
ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട് കവി.
“വിശപ്പുമാറ്റുവാനന്നം
വേറെയുണ്ടെന്നിരിക്കുകില്‍
മൃഗങ്ങള്‍ പോലും
കൊല്ലില്ലൊരു ജീവിയെ..... “ എന്നത് കവി ആഗ്രഹിക്കുന്ന ഒരു ആഹാരവ്യവസ്ഥയുടെ
ന്യായീകരണം തന്നെയാകുന്നു. എന്നാല്‍ ആ നോവുവേദാന്തത്തിനെ കൊന്നാല്‍ പാപം തിന്നാല്‍
തീരും എന്ന മറുവേദംകൊണ്ട് ആശ്വസിക്കുന്ന ഒരു ലോകമാണ് നമുക്ക് മുന്നിലെന്നും കവിത
സ്വയം പറയുന്നുണ്ട്.
അല്പംകൂടി ശക്തമായ ഒരു
സാമൂഹ്യവിമര്‍ശനമാണ് ദര്‍ദ്ദുരവിലാപം മുന്നോട്ട് വെക്കുന്നത്. ഒരിലയുടെ തണലില്‍
അഭയം പ്രാപിച്ച തവള(ദര്‍ദ്ദുരം)യുടെ ചിന്തകളിലൂടെ ഈ സമൂഹത്തെ നോക്കി കവി
പരിതപിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്നുണ്ട്.
“ചേറില്‍ വിത്തിട്ട്
കൊയ്ത്തുകാതോര്‍ക്കും
പാടമെങ്ങുപോയ്...
തോടെങ്ങുപോയ്...“
(ദര്‍ദ്ദുരവിലാപം)
നമ്മുടെ കാര്‍ഷികസംസ്കൃതിയുടെ
നാശം മാത്രമല്ല പരിസ്ഥിതി നിലപാടുകളെയും കവി ഈ തവളക്കണ്ണില്‍ക്കൂടി നമുക്ക്
കാണിച്ചു തരുന്നു. ഒടുവില്‍ “ സ്വാര്‍ത്ഥപ്പിശാച്ചുക്കള്‍ വാഴും ലോകം.....” എന്ന്‍
കവിത വിരല്‍ ചൂണ്ടുമ്പോള്‍ അത് ആരുടെ നേര്‍ക്കാണെന്നും അസ്ത്രമായി ആര്‍ക്ക് പോയി
കൊള്ളുമെന്നും ഊഹിക്കുക....
ഏത് കവികളെയും ആകര്‍ഷിക്കുന്ന
ചന്ദ്രനും ചന്ദ്രികയും പ്രണയവും മരണവും കാലവും കാലവര്‍ഷവും സ്നേഹവും കരുണയും
പുലരിയും സൂര്യോദയവും എന്തിന് പറയുന്നു വാല്മീകിയും കാളിദാസനും വരെ നിരവധി
വിഷയങ്ങള്‍ കടന്നുപോകുന്നുണ്ട് ഈ അകം താളുകളില്‍. മഴയെപ്പറ്റി കുറച്ചു അധികമായി
പറയാന്‍ ആഗ്രഹിക്കുന്ന കവി മൂര്‍ച്ച കൂട്ടിയ ഗദ്യകവിതയായി തന്നെയാണ് അത്
പ്രയോഗിച്ചത്. മഴച്ചന്തം എന്ന കവിത അല്പം കടുപ്പമുള്ള ഒരു മഴനിരീക്ഷണമാണ്...
കവിതാപ്രസ്ഥാനത്തിലെ
നിത്യനൂതനവിദ്യകളും പാശ്ചാത്യസമ്പ്രദായങ്ങളും തന്‍റെ കൈകളിലും വഴക്കമുള്ളതാണെന്ന്
തെളിയിക്കുന്ന രണ്ടോ മൂന്നോ കുറുങ്കവിതകളും ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കാലം കടന്നാലും പ്രായം കടന്നാലും എന്നും അപ്പ്ഡേറ്റ് ആയിരിക്കണമല്ലോ
കവിതയെഴുത്തുകാര്‍...
പ്രചോദനവും പ്രതീക്ഷയും
പകര്‍ന്ന്‍ നല്‍കുന്ന അംബികയുടെ എഴുത്തിന്‍റെ മുഖമുദ്ര ഞാന്‍ ആദ്യം പറഞ്ഞത് പോലെ
ആത്മാര്‍ത്ഥത തന്നെയാണ്.. “കെട്ടുപോകാതെ കാത്തിടാം വെളിച്ചത്തിന്‍ ചൂട്ടുകറ്റകള്‍.....”
(ചാലകം). ഈ വരികള്‍ എഴുതുമ്പോള്‍ മുന്നും പിന്നും ആലോചിക്കുകയും അറിയുകയും
ചെയ്യുന്നുണ്ട് കവി. അതുകൊണ്ടാണല്ലോ “കത്തിത്തീര്‍ന്നാല്‍ തെളിയ്ക്കുവാന്‍
മനസിലഗ്നിയുണ്ടല്ലോ...” എന്ന്‍ ഉറപ്പിച്ചു പറയാന്‍ അംബികയ്ക്ക് കഴിയുന്നത്.
മനസിലെ അഗ്നിവെട്ടം
അണയാതെ സൂക്ഷിക്കുന്ന എന്‍റെ പ്രിയ സൗഹൃദത്തിനും ഈ പുസ്തകത്തിനും എല്ലാ നന്മകളും
നേരുന്നു...എഴുത്തിനെ പുസ്തകരൂപത്തിലാക്കാന്‍ മുന്‍കൈ എടുത്ത അനില്‍
കുറ്റിച്ചിറയ്ക്കും മനോഹരമായി ഇത് പ്രസിദ്ധീകരണത്തിന് ഒരുക്കിയ നീര്‍മാതളം ബുക്സിനും
സ്നേഹാദരം.....
ഇനി നമുക്ക് അകം
തുറന്ന്‍ വെളിച്ചത്തിലേക്ക് നടക്കാം......
എം.എസ്.വിനോദ്.

0 അഭിപ്രായങ്ങള്‍