ജയവിജയന്മാർ എന്ന് കേട്ടിട്ടില്ലേ നിങ്ങൾ....അയ്യോ നമ്മുടെ മനോജ് കെ ജയന്റെ അച്ഛനായ ജയനും മറ്റേ വിജയനുമല്ല...ഇത് വേറെ...സംഗതി അല്പം പുരാണമാണ് കേട്ടോ...അതിൽ താല്പര്യമുണ്ടെങ്കിൽ മാത്രം വായിച്ചാൽ മതി..
വൈകുണ്ഠത്തിലെ ദ്വാരപാലകരായിരുന്നു ജയനും വിജയനും എന്ന ജയവിജയന്മാർ... പാവം രണ്ട് ദേവകുമാരന്മാർ... ഒരിക്കൽ മഹാവിഷ്ണുവിനെ കാണാൻ വന്ന സനകാദിമുനികളെ ആളറിയാതെ ഈ ജയവിജയന്മാർ തടഞ്ഞു നിർത്തി...ഈ സനകാദികൾ എന്നാൽ ബ്രഹ്മാവിന്റെ മനസപുത്രമാരായ നാല് മുനികളാണ്...അവരുടെ പേരുകൾ സ എന്ന അക്ഷരത്തിൽ തുടങ്ങുന്നത് കൊണ്ട് ഇവരെ സനകാദി മുനികളെന്ന് വിളിക്കുന്നു.. മഹാവിഷ്ണുവിന്റെ അംശാവതാരങ്ങൾ കൂടിയായ ഇവരെ തടഞ്ഞു എന്ന കുറ്റത്തിന് പാവം ജയവിജയന്മാരെ സനക മുനികൾ ശപിച്ചു....ഇവർ രണ്ടും മൂന്ന് ജന്മം ഭൂലോകത്തിൽ അസുരന്മാരായി ജനിച്ചു ജീവിക്കട്ടെ എന്നായിരുന്നു ശാപം...
ശാപമോക്ഷത്തിന് അപേക്ഷിച്ചപ്പോൾ ഈ മൂന്ന് ജന്മത്തിലും മഹാവിഷ്ണു അവതരിച്ചു മുക്തി നൽകുമെന്നും, മടങ്ങി വൈകുണ്ഠത്തിലെത്തുമെന്നും ശാപമോക്ഷവും നൽകി...അങ്ങനെയാണ് അവർ ഹിരണ്യാക്ഷൻ, ഹിരണ്യകശിപു എന്നിങ്ങനെ രണ്ട് അസുരന്മാരായി ആദ്യം ജനിച്ചത്.. അവരെ മഹാവിഷ്ണു അവതാരമെടുത്തു നിഗ്രഹിച്ചു...രണ്ടാം ജന്മത്തിൽ അവർ രാവണൻ, കുംഭകർണ്ണൻ എന്നിങ്ങനെ ജനിച്ചു...അപ്പോൾ ശ്രീരാമനായി വന്ന് നിഗ്രഹിച്ചു.... കുംഭകർണ്ണനെ വധിച്ചത് ശ്രീരാമൻ അല്ലല്ലോ എന്ന ചോദ്യവുമായി വരുന്നവർ ഒരു മിനിറ്റ് ഒന്ന് മാറി നിൽക്കണം കേട്ടോ... അതിന്റെ വിശദമായ കഥ ഞാൻ പിന്നെ പറഞ്ഞുതരാം...മൂന്നാം തവണ അവർ ശിശുപാലനും ദന്തവക്തനുമായി ജനിച്ചു... കൃഷ്ണവതാരം അത് രണ്ടും ക്ലോസ് ചെയ്തു... അതാണ് ആ കഥ....
ഈ രാവണനെയെല്ലാം ഇങ്ങനെയൊക്കെ കൊന്നത് വലിയ നീതികേട് ആണെന്ന് മുദ്രാവാക്യം വിളിച്ചു പ്രതിഷേധം അറിയിച്ചു നടക്കുന്ന ചില വേന്ദ്രന്മാരുണ്ട് ഈ പ്രദേശത്ത്... അവർ കൂടി അറിയാനാണ് ഈ കഥ ഇപ്പോൾ പറഞ്ഞത്...
ഈ ആറ് അസുരവേന്ദ്രന്മാരിൽ എല്ലാവിഷയത്തിനും എ പ്ലസ് ഉള്ളത് ആർക്കാണെന്ന് നിങ്ങൾക്ക് അറിയാമോ....സാക്ഷാൽ ഹിരണ്യകശിപു എന്ന വിദ്വാന് തന്നെയാണ്. ഒരുതരത്തിലും മഹാവിഷ്ണുവല്ല അതിനേക്കാൾ മിടുക്കൻ വന്നാലും ഒരു ചുക്കും ചെയ്യാൻ സാധിക്കാത്ത വിധം വേണ്ട സർട്ടിഫിക്കറ്റെല്ലാം ബ്രഹ്മാവിന്റെ കയ്യിൽ നിന്ന് വാങ്ങി വെച്ചിരിക്കുകയാണ് ഈ ഹിരണ്യകശിപു...
പകൽ കൊല്ലാൻ പാടില്ല, എന്നാൽ രാത്രിയും പാടില്ല... എങ്ങനുണ്ട്... അടുത്തത്, മനുഷ്യൻ കൊല്ലാൻ പാടില്ല, എന്നാൽ മൃഗവും കൊല്ലാൻ പാടില്ല...ഭൂമിയിൽ വെച്ചോ ആകാശത്ത് വെച്ചോ കൊല്ലാൻ പാടില്ല... ഒരു ആയുധം കൊണ്ടും കൊല്ലാൻ പാടില്ല...കൊട്ടാരത്തിന് അകത്തുവെച്ചോ എന്നാൽ പുറത്തുവെച്ചോ കൊല്ലാൻ പാടില്ല...ചുരുക്കിപ്പറഞ്ഞാൽ പുള്ളിയെ ആരും എങ്ങനെയും കൊല്ലാൻ പാടില്ല....എന്താ കൊള്ളാമോ....അങ്ങനെ ഈ ഹിരണ്യകശിപു മരിക്കാതിരിക്കാൻ മേടിച്ചു വെച്ച സർട്ടിഫിക്കറ്റുകൾ നിരവധിയാണ്... എന്ത് പ്രയോജനം. ഒടുവിൽ അത് സംഭവിച്ചു.... തൂണും പിളർന്നു വന്നു ഹിരണ്യകശിപുവിൻ്റെ അന്തകൻ... സാക്ഷാൽ നരസിംഹമൂർത്തി....
ഉള്ളൂർ.എസ്.പരമേശ്വരയ്യർ ഭക്തിദീപിക എന്ന എന്ന ഖണ്ഡകാവ്യത്തിൽ ഈ രൂപത്തിന്റെ വർണ്ണന നടത്തിയിട്ടുണ്ട്..
"അക്കത്തും കനൽക്കട്ടയ്ക്കൊപ്പമായ് തുറിച്ച കണ്ണുകൾ......
അക്കൂർത്ത വൈരക്കമ്പിയ്ക്കൊത്ത നീണ്ട രോമം..."
അങ്ങനെത്തുടങ്ങിയ ആ വർണ്ണന കേട്ട് ഭയപ്പെട്ട ഒരു ബാല്യം എനിക്കും ഉണ്ടായിരുന്നു....
ഹിരണ്യകശിപുവിനെ നരസിംഹമൂർത്തി തൂക്കിയെടുത്തു തുടയിൽ കിടത്തി ഉമ്മറപ്പടിമേൽ വെച്ചു പകലും രാത്രിയും അല്ലാത്ത നേരത്ത് കൂർത്ത നഖങ്ങൾ കൊണ്ട് മാറിടം പിളർന്ന് കുടൽമാല വലിച്ചെടുത്തു കഴുത്തിലണിഞ്ഞു കൊന്ന് കൊലവിളിച്ചു. അന്നുമുതലാണ് പകലിനും രാത്രിയ്ക്കും ഇടയിൽ തൃസന്ധ്യ എന്ന ഒരു സമയം ഉണ്ടായത് എന്ന് വിശ്വസിക്കുന്നു...
തൃസന്ധ്യ നേരത്ത് അങ്ങനെ ചെയ്യരുത്, ഇങ്ങനെ ചെയ്യരുത് എന്നൊക്കെ പഴയ ആളുകൾ പറയാറുള്ളത് ഓർമ്മയുണ്ടോ.. അതേപോലെ ഉമ്മറപ്പടിയിൽ ചവുട്ടരുത് ഇരിക്കരുത് എന്നും പറയുന്നത് ഈ വിശ്വാസങ്ങളുടെ വെളിച്ചത്തിലാണ്.... വിശ്വാസങ്ങൾ അങ്ങനെ നിൽക്കട്ടെ....എന്നാലും നന്മതിന്മകൾ തമ്മിലുള്ള പോരാട്ടത്തിൽ നിങ്ങളിൽ എല്ലാവരുടെയും മനസിൽ ഒരു മൂർത്തി ഉണ്ടാകും. ആ മൂർത്തിയുടെ ഭാവം നരസിംഹം തന്നെയാകട്ടെ....
നരസിംഹമൂർത്തിയുടെ അവതാര ദിവസമാണ് ഇന്ന്, ഈ തൃസന്ധ്യ നേരം.....
നരസിംഹാവതാര ജയന്തി...
എല്ലാവർക്കും നന്മകൾ ഉണ്ടാകട്ടെ....
0 അഭിപ്രായങ്ങള്‍