Ticker

6/recent/ticker-posts

വായനയുണ്ട്.. ഭാവനയില്ല..

വായനയുണ്ട്.. ഭാവനയില്ല..

പ്രഥg ദൃഷ്ട്യാ ബഡ്ജറ്റ് നോക്കിക്കാണുമ്പോൾ പുതിയ നികുതികൾ ഒന്നും പ്രഖ്യാപിച്ചില്ല എന്ന് തോന്നിപ്പിക്കാനും ആ തോന്നൽ ഒരു കയ്യടി ആക്കി മാറ്റാനും ആ കയ്യടി വാങ്ങാനുമുള്ള മിടുക്ക് സതീശൻ കാണിച്ചു.. തിരഞ്ഞെടുപ്പിന് മുൻപ് ഓരോ വീടുകൾ വീടുകൾ കേറി സതീശനും കൂട്ടരും പറഞ്ഞത് ഇന്ദിരാ കോൺഗ്രസ് അധികാരത്തിൽ വന്നാൽ അന്നുമുതൽ കേരളത്തിലെ മുഴുവൻ സ്ത്രീകൾക്കും ksrtc യിൽ സമ്പൂർണ്ണ സൌജന്യം എന്നൊക്കെയാണ്.. കേരളത്തിൽ എവിടെ വേണമെങ്കിലും പോകാം എന്ന് ആവർത്തിച്ചു പറഞ്ഞ സതീശന്റെ വീഡിയോ ഇപ്പോഴും കേരളമാകെ പാറിപ്പറക്കുകയാണ്.. എന്നാൽ ഇപ്പോ എന്താണ് സംഭവിച്ചത്.. എല്ലാ ബസിലും എല്ലായിടത്തും എന്നത് വെറും ഓർഡിനറിയായി ചുരുങ്ങി.. വെറും ഓർഡിനറി ആണെങ്കിൽ സഹിക്കാം.. പ്രിയദർശിനി സ്റ്റിക്കർ ഒട്ടിച്ച പ്രത്യേകം ബസുകളിൽ മാത്രമാണ് ഈ സൌജന്യം എന്നതായി അവസ്ഥ.. എന്തെങ്കിലും ആകട്ടെ.. കിട്ടിയത് കിട്ടി.. മണ്ണ് വാരി തിന്നാൽ കഴുത്തിന് താഴോട്ട് ഇറങ്ങില്ലല്ലോ എന്ന് ആശ്വസിച്ച ജനത, കിട്ടിയത് കൊണ്ട് തൃപ്തിപ്പെടുന്നു..ബജറ്റിന്റെ പ്രധാന ആശയം സാമ്പത്തിക വളർച്ച, അടിസ്ഥാനസൗകര്യ വികസനം, സമുദ്രാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ, ക്ഷേമപദ്ധതികൾ എന്നിവയാണ്...അഞ്ചു വർഷത്തിനകം കേരളത്തെ മാരിടൈം ഭൂപടത്തിലെ വൻശക്തിയായി ഉയർത്താൻ മിഷൻ സമുദ്ര.. കേൾക്കുമ്പോൾ സാധനമേതാണ്ട് ഒന്നൊന്നര റാത്തൽ തൂക്കമുണ്ടെന്ന് നമുക്ക് തോന്നാം.. സംസ്ഥാനത്തെ ഒരു പോർട്ട് സിറ്റി ആക്കുകയാണ് ലക്ഷ്യം.. ചുമ്മാതല്ല വകുപ്പ് വിഭജനത്തിൽ തുറമുഖവകുപ്പ് മുഖ്യമന്ത്രിതന്നെ സ്വയം ഏറ്റെടുത്തു കക്ഷത്തിൽ ആക്കിയത്.. ഇനി ആകെ ഒരു പ്രതീക്ഷ വീഴിഞ്ഞവും പരിസരവുമാണ്.. വിഴിഞ്ഞം ഉണ്ടെങ്കിലേ ധനമുണ്ടാകൂ.. ധനകാര്യം ഉണ്ടാകൂ.. എന്നാൽ ആഗ്രഹിക്കുന്ന വിധത്തിൽ വിഴിഞ്ഞം പിഴിഞ്ഞെടുക്കാൻ പണം എവിടെ.. അതിനാണ് ppp എന്ന മൂന്ന് p മാജിക്ക്.. Public–Private Partnership (PPP) എന്നത് സർക്കാരും സ്വകാര്യ കമ്പനിയും ചേർന്ന് ഒരു പൊതുപദ്ധതി വികസിപ്പിക്കുകയും നടത്തിപ്പുനടത്തുകയും ചെയ്യുന്ന കരാർ സംവിധാനമാണ്. നരേന്ദ്രമോദിയുടെ വികസന പദ്ധതിയുടെ ഒരു പ്രധാന പരിപാടിയാണ് ഇത്.. എന്നാൽ ഇത് ആദ്യമായി ഇൻഡ്യയിൽ എത്തിച്ചത് നരേന്ദ്രമോദി അല്ല.. തൊണ്ണൂറുകളിലെ സാമ്പത്തിക ഉദാരവത്കരണത്തിന്റെ ഭാഗമായി പി വി നരസിംഹറാവു ആണ് ഈ അവസരം ആദ്യമായി തുറന്നു കൊടുത്തത്.. പിന്നീട് വന്ന അടൽ ബിഹാരി വാജ്പേയ് മന്ത്രിസഭയും മൻമോഹൻ സിംഗ് സർക്കാരും ഈ ഫോർമുല വ്യാപകമായി ഉപയോഗിച്ചു.. വിമാനത്താവളങ്ങൾ ദേശീയപാതകൾ മെട്രോ പദ്ധതികൾ തുറമുഖങ്ങൾ വൈദ്യുതി പദ്ധതികൾ എന്നിവയിൽ വലിയ തോതിൽ PPP മാതൃക സ്വീകരിച്ചു. രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം കേംപേഗൗഡ അന്താരാഷ്ട്ര വിമാനത്താവളം ഇവ PPP മാതൃകയിൽ വികസിപ്പിക്കപ്പെട്ട പ്രധാന പദ്ധതികളാണ്. 2014-ന് ശേഷം മോദി സർക്കാർ PPPയെ ഒരു ദേശീയ വികസന തന്ത്രത്തിന്റെ കേന്ദ്രഘടകമായി കൂടുതൽ ശക്തമായി ഉപയോഗിച്ചു. എല്ലാ അടിസ്ഥാനസൗകര്യങ്ങളും സർക്കാർ ഒറ്റയ്ക്ക് നിർമ്മിക്കാൻ ആവശ്യമായ മൂലധനം ലഭ്യമാകില്ല. സ്വകാര്യ നിക്ഷേപം ആകർഷിച്ചാൽ വികസനം വേഗത്തിലാകും. പൊതുപണം ആരോഗ്യ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലേക്ക് കൂടുതൽ വിനിയോഗിക്കാം.

നേരം വെളുത്താൽ കണ്ണ് തുറക്കുന്നതിന് മുൻപ് മോദിയെ പത്ത് പറയാതെ മുഖം കഴുകാനും വെള്ളം കുടിക്കാനും പോകാത്ത സതീശന്റെ നേതാവ് രാഹുൽ ഗാന്ധിയോട് അദാനി അംബാനി തുടങ്ങിയ പേരുകളൊക്കെ വീണ്ടും പോയി പറഞ്ഞാൽ അങ്ങേർക്ക് കലി കയറും....അതുകൊണ്ടാണ് സതീശൻ ബഡ്ജറ്റിൽ ഈ ട്രിപ്പിൾ p യുടെ സാന്നിധ്യം ആവർത്തിച്ചു ചർച്ചയ്ക്ക്  വെച്ചത്.. കേരളം സെന്റിന് അളന്ന് വിൽക്കാനാണ് സതീശൻ ശ്രമിക്കുന്നത് എന്ന് പ്രതിപക്ഷത്തിനും പറഞ്ഞു നടക്കാം..എല്ലാ പണവും വരുമാനവും കടൽ കൊണ്ടുവരും എന്ന് പറഞ്ഞു കടലിലേക്ക് നോക്കിയിരിക്കുകയാണ് സതീശനും കൂട്ടരും.. മോദിയുടെ സാഗർമാലയാണ് സതീശൻ കഴുത്തിൽ അണിഞ്ഞിരിക്കുന്നത് എന്ന് ബിജെപിക്കാർ പറയുന്നതിലും അവരെയും തെറ്റ് പറയാൻ ആകില്ല..എന്നാൽ സതേൺ കേരള ഇക്കണോമിക് കോറിഡോർ സാഗർമാലയുടെ ഉപപദ്ധതിയാണെന്ന് പറയാൻ ഞാൻ ശ്രമിക്കുന്നില്ല... മോദിയുടെ സാഗർമാലയുടെ ലക്ഷ്യങ്ങളുമായി വളരെ യോജിക്കുന്ന ഒരു സംസ്ഥാനതല വികസനപദ്ധതിയായാണ് ഇതിനെ കാണാൻ കഴിയുന്നത്. സതീശനിൽ മോദിയുടെ സ്വാധീനം ഉണ്ടാകുന്നതിൽ എനിക്ക് അത്ഭുതമില്ല.. അതാണ് വായന ഉണ്ട്.. ഭാവന ഇല്ലെന്ന് പറയേണ്ടിവന്നത്..  
വികസന ഭാവനകൾ എവിടെനിന്ന് വേണമെങ്കിലും നമുക്ക് കടമെടുക്കാമല്ലോ..     

ഒരു രാജ്യാന്തര ഫിലിം സിറ്റി.. ജെ സി ഡാനിയേൽ സ്മാരകമായി.. ആന്റി പൈറസി സെല്ല്.. അത് സിനിമകളുടെ വ്യാജ പതിപ്പ് മാഫിയയെ നിയന്ത്രിക്കാൻ സഹായിക്കും.. സിനിമയെ ഒരു വ്യവസായമായി അംഗീകരിക്കുന്നതോടെ ബാങ്കുകളിൽ നിന്ന് ഉൾപ്പെടെ കുറഞ്ഞ പലിശനിരക്കിൽ ലോൺ ലഭിക്കും.. തീയേറ്ററുകളിലെ വൈദ്യുതി താരിഫ് വ്യത്യാസം വരും.. അത് തീയേറ്റർ ഉടമകൾക്ക് പ്രയോജനം ചെയ്യും.. വ്യക്തമായ സുതാര്യമായ ഒരു അക്കൌണ്ടിങ് ഈ സിനിമാ മേഖലയിൽ ഉണ്ടാകും.. എഐ ഉൾപ്പെടെ vfx ar vr തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തി വിപുലമായ പോസ്റ്റ് പ്രൊഡക്ഷൻ സൌകര്യങ്ങൾ ഒരുക്കിയാൽ സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട് മറ്റ് സംസ്ഥാനങ്ങളിലേക്ക് നമുക്ക് പോകേണ്ടി വരില്ല എന്ന് മാത്രമല്ല പുറത്തുനിന്നുള്ള ബിസിനസും നമുക്ക് കേരളത്തിലേക്ക് കൊണ്ടുവരാൻ കഴിയും.. എന്നാൽ ഇത്തരം ഒരു വലിയ പ്രൊജെക്ടിന് 100 കോടി മതിയാകുമോ എന്നതാണ് പ്രശ്നം.. വെറുതെ ഒരു തട്ടിക്കൂട്ട് ഫിലിം സിറ്റിയാണ് ഉദേശിക്കുന്നതെങ്കിൽ തട്ടിപ്പിനും തരികിടയ്ക്കും എല്ലാം കൂടി 100 കോടി മതിയാകും.. എന്നാൽ സിനിമയെ ഒരു വ്യവസായമായി കണ്ട് ചേർത്ത് നിർത്തി അതിന് ഗുണകരമായ രീതിയിലും അത് പിന്നെ നാടിന് ഗുണകരമായ രീതിയിലും മാറ്റാൻ ഈ തുക പര്യാപ്തമാണ് എന്ന് തോന്നുന്നില്ല.. സിനിമയ്ക്ക് വേണ്ടി ഇതിന് മുൻപും പല പദ്ധതികളും പ്രഖ്യാപനങ്ങളും പല കാലത്തിലും നടന്നിട്ടുണ്ട്.. അതിൽ പലതും സർക്കാർ ഖജനാവ് കാലിയാക്കുക എന്നതിനപ്പുറം സിനിമക്കോ ഈ നാടിനോ ഗുണം ഉണ്ടാക്കിയത് ആയിരുന്നില്ല..

മുഖ്യമന്ത്രി ബജറ്റ് പ്രസംഗം നന്നായി വായിച്ചു. കണക്കുകളും സ്ഥിതിവിവരക്കണക്കുകളും നിരവധിയുണ്ട്. പ്രഖ്യാപനങ്ങളും ധാരാളമുണ്ട്. പക്ഷേ ഒരു ചോദ്യം ബാക്കി നിൽക്കുന്നു. കേരളത്തെ അടുത്ത 25 വർഷത്തേക്ക് എവിടേക്കാണ് നയിക്കാൻ പോകുന്നത് എന്ന വലിയ ഭാവന ഈ ബജറ്റിലുണ്ടോ? അതാണ് വിമർശനത്തിന്റെ കേന്ദ്രബിന്ദു. അതാണ് ഈ ബഡ്ജെറ്റ് ഒരു അനൌൺസമെന്റ് ഡോക്യുമെൻറ് മാത്രമാണ് എന്ന് പറയേണ്ടിവരുന്നത്.. ഇതൊരു വിഷൻ ഡോക്യുമെൻറ് അല്ല.. ഒരു മികച്ച ബജറ്റ് അടുത്ത വർഷത്തെ വരവ് ചെലവുകളുടെ പട്ടിക മാത്രമല്ല. അത് ഒരു സംസ്ഥാനത്തിന്റെ ഭാവി രൂപരേഖയുമാണ്. ഈ ബജറ്റിൽ പദ്ധതികളുണ്ട്. വകയിരുത്തലുകളുണ്ട്.  സഹായങ്ങളുണ്ട്. എന്നാൽ 2035-ലെ കേരളം എങ്ങനെയായിരിക്കും? 2040-ൽ കേരളം ഇന്ത്യയിലെ ഏത് സാമ്പത്തിക ശക്തിയാകും? ഇതിനെക്കുറിച്ചുള്ള വലിയ ദിശാബോധം  വ്യക്തമല്ല. കേരളത്തിലെ യുവാക്കൾ ഇപ്പോഴും കേരളം വിട്ട്  ബെംഗളൂരു, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിലേക്ക് പോകുന്നു. അവരെ കേരളത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ഭാവന എവിടെ ?

കേരളം ക്ഷേമസംസ്ഥാനമാണ്. അത് നിലനിർത്തണം. പക്ഷേ ക്ഷേമത്തിന് പണം എവിടെ നിന്നാണ് വരിക? സമ്പത്ത് സൃഷ്ടിക്കുന്ന പുതിയ മേഖലകളെക്കുറിച്ച് ശക്തമായ രൂപരേഖ കാണുന്നില്ല. യുവാക്കൾക്കുള്ള വലിയ സ്വപ്നം എവിടെ? ഒരു 20 വയസ്സുകാരൻ ഈ ബജറ്റ് കേട്ടാൽ കേരളത്തിൽ തന്നെ ജീവിതം പണിയാം എന്ന ആത്മവിശ്വാസം ലഭിക്കുന്നുണ്ടോ? ഇതാണ് ചോദ്യം.

ഒരു ബജറ്റിന് രണ്ട് കാര്യങ്ങൾ വേണം. കണക്കും വേണം... കല്പനയും വേണം. കണക്കുകൾ ഈ ബജറ്റിലുണ്ട്. പക്ഷേ കേരളത്തെ മാറ്റിമറിക്കുന്ന വലിയ കല്പന എവിടെയാണ്?"

മറ്റൊരു ശക്തമായ താരതമ്യം ഒരു അക്കൗണ്ടന്റ് തയ്യാറാക്കുന്ന ബജറ്റും ഒരു സ്റ്റേറ്റ്സ്മാൻ അവതരിപ്പിക്കുന്ന ബജറ്റും തമ്മിൽ വ്യത്യാസമുണ്ട്. അക്കൗണ്ടന്റ് ചെലവ് കണക്കാക്കും. സ്റ്റേറ്റ്സ്മാൻ ഭാവി നിർമ്മിക്കും.

ഈ ബജറ്റ് മോശമാണെന്ന് ഞാൻ പറയുന്നില്ല. പക്ഷേ ഇത് സുരക്ഷിതമായ ഒരു ബജറ്റാണ്. ധൈര്യമുള്ള ബജറ്റല്ല. വായന നന്നായി നടന്നിട്ടുണ്ട്. പക്ഷേ കേരളത്തെ അടുത്ത തലമുറയിലേക്ക് കൊണ്ടുപോകുന്ന വലിയ ഭാവന ഈ ബജറ്റിൽ കാണാൻ പ്രയാസമാണ്. അതുകൊണ്ടാണ് ഞാൻ പറയുന്നത്... 'വായന ഉണ്ട്... ഭാവന ഇല്ല.

എം. എസ്. വിനോദ്  

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍