ന്യൂസ് ക്ലിക്ക് ഒടുവിൽ ക്ലിക്ക്ഡ് ആയി.. ഡൽഹി ഹൈക്കോടതി ഈ ന്യൂസ്‌ക്ലിക്ക് എന്ന മാധ്യമത്തിനും അതിന്‍റെ സ്ഥാപകനായ പ്രബീർ പുരകായസ്തയ്ക്കും എതിരെയുള്ള കേസുകൾ റദ്ദാക്കി. നിയമവിരുദ്ധമായി വിദേശഫണ്ട് സ്വീകരിച്ചു എന്ന് ആരോപിച്ച് എക്കണോമിക് ഒഫൻസസ് വിംഗും (EOW) എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും (ED) എടുത്ത കേസുകളാണ് കോടതി പൂർണ്ണമായും തള്ളിക്കളഞ്ഞത്. ഇത് നിയമവ്യവസ്ഥയുടെ ദുരുപയോഗമാണെന്നും സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ വ്യക്തമാക്കി.
എന്താണ് ഈ ന്യൂസ്‌ക്ലിക്ക് (NewsClick). ഈ മാധ്യമത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചുമുള്ള പ്രധാന വിവരങ്ങളാണ് ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത്..ഈ വിവാദത്തിൽ ഉൾപ്പെട്ടവർക്ക് അല്പം മലയാളി ബന്ധവും ഉണ്ടെന്നുള്ളതാണ് ഈ വാർത്തയിൽ എനിക്ക് കൌതുകം തോന്നാൻ കാരണം..
ഇന്ത്യയിലെ ജനാധിപത്യം സത്യത്തിൽ അപകടത്തിലാണോ?.. സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുകയാണോ?.. അല്ലെങ്കിൽ വിദേശശക്തികളുടെ സ്വാധീനത്തിൽ പ്രവർത്തിക്കുന്ന ശൃംഖലകളെ കണ്ടെത്താനുള്ള നിയമപരമായ സർക്കാർ നടപടികൾ മാത്രമാണോ ഇപ്പോൾ ഈ നടക്കുന്നത്? ഈ ചോദ്യങ്ങൾ വീണ്ടും ദേശീയ ചർച്ചയിലേക്ക് ഉയർത്തിക്കൊണ്ടുവന്ന കേസാണ് ന്യൂസ്‌ക്ലിക്ക് കേസ് അല്ലെങ്കിൽ ന്യൂസ് ക്ലിക്ക് വിവാദം.
എന്താണ് ന്യൂസ്‌ക്ലിക്ക്....?
ന്യൂസ്‌ക്ലിക്ക് ഒരു സാധാരണ വാർത്താവെബ്സൈറ്റ് മാത്രമല്ല. ഇടതുപക്ഷ
ചിന്താഗതികളോടും പുരോഗമന രാഷ്ട്രീയ നിലപാടുകളോടും അടുത്തുനിൽക്കുന്ന ഒരു ഡിജിറ്റൽ
മാധ്യമ പ്ലാറ്റ്ഫോമാണ്.
കർഷകസമരം മുതൽ തൊഴിലാളിപ്രശ്നങ്ങൾ വരെ...
കാശ്മീർ മുതൽ
കോർപ്പറേറ്റ് രാഷ്ട്രീയം വരെ...പ്രധാനധാരാമാധ്യമങ്ങൾ അല്ലെങ്കിൽ മുഖ്യധാരമാധ്യമങ്ങൾ പലപ്പോഴും അവഗണിക്കുന്ന വിഷയങ്ങൾ
ഉയർത്തിക്കാട്ടിയ ഒരു മാധ്യമം എന്ന നിലയിലാണ് അതിന്റെ അനുയായികൾ അല്ലെങ്കിൽ
അതിന്റെ നിർമ്മാതാക്കൾ ന്യൂസ്‌ക്ലിക്കിനെ
കാണുന്നത്. പക്ഷേ വിമർശകർ പറയുന്നത് മറ്റൊന്നാണ്. അവരുടെ അഭിപ്രായത്തിൽ ന്യൂസ്‌ക്ലിക്ക്
ഒരു വാർത്താ സ്ഥാപനത്തേക്കാൾ കൂടുതൽ ഒരു രാഷ്ട്രീയ ആശയധാരയുടെ പ്രചാരണ വേദിയായി
പ്രവർത്തിക്കുന്ന ഒരു പ്ലാറ്റ്ഫോം ആണ്.
എവിടെയാണ് ഈ വിവാദത്തിന്റെ തുടക്കം..........?
2023-ൽ ഒരു അന്താരാഷ്ട്ര അന്വേഷണറിപ്പോർട്ട് പുറത്തുവന്നു. അമേരിക്കൻ
വ്യവസായി നെവിൽ റോയ് സിംഗം എന്ന വ്യക്തിയുമായി ബന്ധമുള്ള ആഗോള ഫണ്ടിംഗ് ശൃംഖലയെക്കുറിച്ചായിരുന്നു
ആ റിപ്പോർട്ട്. ആ ശൃംഖലയ്ക്ക് ചൈനീസ് താൽപര്യങ്ങളുമായി ബന്ധമുണ്ടെന്നും
ലോകമെമ്പാടുമുള്ള ചില സംഘടനകൾക്ക് അവർ ധനസഹായം നൽകുന്നുണ്ടെന്നും
ആരോപിക്കപ്പെട്ടു. അവിടെ നിന്നാണ് ന്യൂസ്‌ക്ലിക്കിന്റെ പേര് ദേശീയ തലത്തിൽ
വിവാദത്തിലേക്ക് കടന്നുവരുന്നത്. ഇന്ത്യൻ അന്വേഷണ ഏജൻസികൾ ആരോപിച്ചു, ന്യൂസ്‌ക്ലിക്കിന്
ലഭിച്ച ചില ഫണ്ടുകൾ സംശയാസ്പദമാണ്. ആ പണം ഉപയോഗിച്ച് ഇന്ത്യയുടെ ദേശീയ
താൽപര്യങ്ങൾക്ക് വിരുദ്ധമായ പ്രചാരണം നടന്നിട്ടുണ്ടാകാം എന്നവർ സംശയിച്ചു..
അന്വേഷണം ആരംഭിച്ചു.. .തുടർന്ന് റെയ്ഡുകളും അറസ്റ്റുകളും ഒക്കെ ഉണ്ടായി..
2023 ഒക്ടോബറിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരേസമയം റെയ്ഡുകൾ
നടന്നു. പത്രപ്രവർത്തകർ, എഴുത്തുകാർ, അക്കാദമിക് ഗവേഷകർ, പലരുടെയും വീടുകളിൽ
പരിശോധന നടന്നു. മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും
ഒക്കെ പിടിച്ചെടുത്തു.
അവസാനം ന്യൂസ്‌ക്ലിക്കിന്റെ സ്ഥാപകനും എഡിറ്ററുമായ പ്രബീർ പുരകായസ്ത അറസ്റ്റിലായി. അതും സാധാരണ ക്രിമിനൽ കേസിൽ അല്ല. UAPA എന്ന ഭീകരവിരുദ്ധ നിയമപ്രകാരം. ഇവിടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. കാരണം ഇന്ത്യയിൽ UAPA ഉപയോഗിക്കപ്പെടുന്നത് അതീവ ഗുരുതരമായ ദേശീയ സുരക്ഷാ കേസുകളിലാണ്.
ആരാണ് ഈ പ്രബീർ പുരകായസ്ത......?
ഇന്ത്യയിലെ ഒരു എഴുത്തുകാരനും ചിന്തകനും ജനകീയ ശാസ്ത്ര പ്രചാരകനുമാണ് പ്രബീർ പുരകായസ്ത. എഞ്ചിനീയർ കൂടിയായ ഇദ്ദേഹം പ്രമുഖ ജനകീയ ശാസ്ത്ര പ്രസ്ഥാനമായ ഡെൽഹി സയൻസ് ഫോറത്തിന്റെ സ്ഥാപകരിലൊരാളുമാണ്. നമ്മുടെ കേരളത്തിലെ ശാസ്ത്ര സാഹിത്യ പരിഷത്തുമായി എല്ലാം ചേർന്ന് പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ഇത്.. ശാസ്ത്രം, സാങ്കേതികവിദ്യ, രാഷ്ട്രീയം എന്നിവയെക്കുറിച്ച് നിരവധി പുസ്തകങ്ങളും ലേഖനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. മാത്രമല്ല അദ്ദേഹത്തിന്റെ ജീവിതത്തിൽ രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിൽ അദ്ദേഹം രണ്ട് തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്..ആദ്യത്തേത് 1975 ൽ അടിയന്തരാവസ്ഥ കാലത്ത് .. ഇന്ദിരാഗാന്ധി സർക്കാർ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ജെ.എൻ.യു-വിലെ വിദ്യാർത്ഥി നേതാവായിരുന്ന പ്രബീറിനെ മിസ (MISA) നിയമപ്രകാരം അറസ്റ്റ് ചെയ്ത് ഒരു വർഷത്തോളം ജയിലിലടച്ചു. ഇപ്പോൾ ഈ 2023 ൽ യു.എ.പി.എ ചുമത്തി ന്യൂസ്‌ക്ലിക്ക് മാധ്യമവുമായി ബന്ധപ്പെട്ട് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ചും വിദേശ ഫണ്ട് സ്വീകരിച്ചു എന്ന് പറഞ്ഞും 2023 ഒക്ടോബറിൽ ഡൽഹി പോലീസ് അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്തു....
അടിയന്തിരാവസ്ഥ കാലത്ത് പ്രബീർ
പുരകായസ്ത അറസ്റ്റ് ചെയ്യപ്പെടുമ്പോൾ അന്ന് ആ സമരത്തിന് ഒപ്പം ഉണ്ടായിരുന്നത് ആർ
എസ് എസ് ഉം ജനസംഘത്തിന്റെ പിന്തുടർച്ചയുള്ള സംഘടനകളും ആയിരുന്നെങ്കിൽ ഇന്ന് അതേ
സംഘടനകളുടെ രാഷ്ട്രീയ രൂപമാണ് uapa ചുമത്തി
പുള്ളിയെ പിടിച്ചു അകത്താക്കിയത്.. അന്ന് ഇന്ദിരാ കോൺഗ്രസ് അത് ചെയ്തു എങ്കിൽ ഇന്ന് അതേ
കോൺഗ്രസ് ആണ് പ്രബീറിന് പിന്തുണ നല്കി ഈ പ്രശ്നത്തിൽ ഒപ്പം നില്ക്കുന്നത്..
ചരിത്രത്തിലെ ഏറ്റവും കൌതുകം നിറഞ്ഞ തനിയാവർത്തനങ്ങൾ അല്ലേ..
Keeping Up the Good Fight: From the Emergency to the Present Day (2023/2024): ഇത് അദ്ദേഹത്തിന്റെ ആത്മകഥയാണ്. 1975-ലെ അടിയന്തരാവസ്ഥ കാലത്തെ ജയിൽവാസവും, 2023-ൽ യു.എ.പി.എ കേസിൽ ജയിലിലായതുമുതൽ ഇന്നുവരെയുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ പോരാട്ടങ്ങളൊക്കേ ഇതിൽ വിവരിക്കുന്നു
ഇന്ത്യയിലെ പ്രശസ്തയായ ഒരു ഇംഗ്ലീഷ് എഴുത്തുകാരിയും, എഡിറ്ററും, സാമൂഹിക
പ്രവർത്തകയുമായ ഗീതാ ഹരിഹരൻ ആണ് ഈ പ്രബീർ പുരകായസ്തയുടെ ജീവിത പങ്കാളി.. സ്ത്രീകളുടെ അവകാശങ്ങൾക്കും
സാമൂഹിക നീതിക്കും വേണ്ടിയുള്ള ശക്തമായ നിലപാടുകളിലൂടെയാണ് അവർ ഇൻഡ്യയിൽ
അറിയപ്പെടുന്നത്. ഗീതാ ഹരിഹരന്റെ കോമൺവെൽത്ത് പുരസ്കാരം നേടിയ 'ദി തൗസന്റ് ഫേസസ് ഓഫ് നൈറ്റ്' എന്ന പുസ്തകം പ്രസിദ്ധമാണ്.. ഇന്ത്യൻ റൈറ്റേഴ്‌സ് ഫോറം (IWF):
മാധ്യമപ്രവർത്തകർക്കും
എഴുത്തുകാർക്കും നേരെയുള്ള കടന്നുകയറ്റങ്ങൾക്കെതിരെ പ്രതികരിക്കുന്ന 'ഇന്ത്യൻ
റൈറ്റേഴ്‌സ് ഫോറത്തിന്റെ' സ്ഥാപകരിൽ ഒരാളാണ് ഇവർ.
തമിഴ് പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നുള്ള വ്യക്തിയാണ് ഈ ഗീത . തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് അവർ ജനിച്ചത്. വളർന്നത്
മുംബൈ (ബോംബെ),
ഫിലിപ്പീൻസിലെ
മനില എന്നീ നഗരങ്ങളിലാണ് അവർ കുട്ടിക്കാലം ചിലവഴിച്ചതും വളർന്നതും. ഒരു തമിഴ് ബ്രാഹ്മണ
കുടുംബത്തിലാണ് അവർ ജനിച്ചത് എങ്കിലും കേരളവുമായി ഇവർക്ക് അടുത്ത ഒരു
ബന്ധം ഉണ്ട് . പ്രശസ്ത പത്രമായ 'ദി ഇക്കണോമിക് ടൈംസ്' (The Economic Times) സ്ഥാപകരിൽ
ഒരാളായ ഹരിഹരൻ ആണ് ഈ ഗീതയുടെ പിതാവ് .
കേരളവുമായി അവർക്ക് നേരിട്ട് കുടുംബബന്ധങ്ങൾ ഇല്ലെങ്കിലും, അവരുടെ പല
പുസ്തകങ്ങളും മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ
കേരളത്തിലെ സാംസ്കാരിക-സാഹിത്യ വേദികളിൽ (ഉദാഹരണത്തിന് കേരള ലിറ്ററേച്ചർ
ഫെസ്റ്റിവൽ) അവർ അതിഥിയായി പങ്കെടുക്കാറുമുണ്ട്. ഗീതാ ഹരിഹരന്റെ പിതാവായ പി. എസ്.
ഹരിഹരൻ (P. S. Hariharan) ഇന്ത്യയിലെ ഏറ്റവും പ്രമുഖനായ ഒരു ബിസിനസ്സ്
പത്രപ്രവർത്തകനായിരുന്നു. പ്രശസ്ത സാമ്പത്തിക
ദിനപത്രമായ 'ദി ഇക്കണോമിക് ടൈംസ്' (The Economic Times)-ന്റെ സ്ഥാപക എഡിറ്ററാണ്. അദ്ദേഹം
ജനിച്ചതും വളർന്നതും കേരളത്തിലായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന് പാലക്കാടുമായി വേരുകളുണ്ട്. അതവിടെ വരെ നിലക്കട്ടെ.. നമുക്ക് ഈ
ന്യൂസ് ക്ലിക്കിലേക്ക് തന്നെ വരാം..
2023 ലെ പ്രബീർ
പുരകായസ്തയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തെ നിരവധി മാധ്യമ സംഘടനകൾ
രംഗത്തെത്തി. അവരുടെ ചോദ്യം ലളിതമായിരുന്നു. ഒരു വാർത്താ സ്ഥാപനത്തിനെതിരെ
അന്വേഷണം നടത്താം. പക്ഷേ ഭീകരവിരുദ്ധ നിയമം തന്നെ ഉപയോഗിക്കേണ്ട
സാഹചര്യമുണ്ടായിരുന്നോ?
2024-ൽ സുപ്രീം കോടതി ഒരു നിർണായക തീരുമാനം എടുത്തു. പ്രബീർ
പുരകായസ്ഥയുടെ അറസ്റ്റ് നിയമപരമായി നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. അറസ്റ്റിന്റെ
കാരണം വേണ്ട രീതിയിൽ അറിയിച്ചില്ല. നടപടിക്രമങ്ങളിൽ ഗുരുതര വീഴ്ചകൾ ഉണ്ടായിരുന്നു.
അതിനാൽ അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു. തുടർന്ന് മറ്റൊരു
നിർണായക സംഭവമുണ്ടായി. ഡൽഹി ഹൈക്കോടതി ഒരു കേസിൽ FIR റദ്ദാക്കി. കോടതിയുടെ
നിരീക്ഷണങ്ങളിൽ ഒന്നായിരുന്നു: "Gross Abuse of Law" അഥവാ...നിയമത്തിന്റെ
ഗുരുതര ദുരുപയോഗം എന്നാണ് കോടതി നിരീക്ഷിച്ചത്.. അത് മോദി സർക്കാരിന് ഒരു
തിരിച്ചടിയായി.. അവിടെനിന്നാണ് മോദി സർക്കാരിനെതിരായ ആരോപണം ശക്തമാകുന്നത്..
ചിലർ ഇതിനെ മാധ്യമ വേട്ടയെന്ന് വിശേഷിപ്പിക്കുന്നത്..... കഴിഞ്ഞ ഏതാനും
വർഷങ്ങളായി സർക്കാരിനെ വിമർശിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കെതിരെ നിരന്തരമായി
അന്വേഷണ നടപടികൾ നടന്നിട്ടുണ്ട്. വിവിധ റെയ്ഡുകൾ. നികുതി പരിശോധനകൾ. ED അന്വേഷണങ്ങൾ. CBI
കേസുകൾ. ഇവയെല്ലാം
ചേർത്ത് നോക്കുമ്പോൾ ഒരു പാറ്റേൺ കാണാം എന്നാണ് വിമർശകർ പറയുന്നത്. "വിമർശിക്കുന്ന
മാധ്യമങ്ങളെ ഭയപ്പെടുത്തുക എന്ന ഒരു ലക്ഷ്യം ഇതിന് പിന്നിൽ ഉണ്ടാകാം...."
അതാണ് ഈ കഥയുടെ മറ്റൊരു വശം... സർക്കാരിനെ
അനുകൂലിക്കുന്നവരുടെ ചോദ്യം മറ്റൊന്നാണ് . ഒരു മാധ്യമ സ്ഥാപനമാണെന്ന കാരണത്താൽ
നിയമപരിശോധനയിൽ നിന്ന് ഒഴിവാക്കണോ? വിദേശ ഫണ്ടിംഗിനെക്കുറിച്ച് സംശയമുണ്ടെങ്കിൽ അന്വേഷണം
നടത്തരുതോ...? ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വന്നാൽ സർക്കാർ
മൗനം പാലിക്കണോ? ഇതൊക്കെയാണ് അവരുടെ വാദം: "മാധ്യമസ്വാതന്ത്ര്യം
നിയമത്തിന് മുകളിലുള്ള അവകാശമല്ല."
അപ്പോൾ സത്യം ഏതാണ്? ന്യൂസ്‌ക്ലിക്ക് കേസ് മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള
ആക്രമണമാണോ? അല്ലെങ്കിൽ ദേശീയ സുരക്ഷയുടെ പേരിൽ നടന്ന നിയമനടപടിയാണോ? ഇന്നുവരെ കോടതികൾ ഇതിനെക്കുറിച്ച് അന്തിമമായി
പറഞ്ഞിട്ടില്ല:
ന്യൂസ്‌ക്ലിക്ക് ചൈനീസ് ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നോ . അതുപോലെ തന്നെ ഈ
ന്യൂസ് ക്ലിക്കിന് എതിരായ എല്ലാ ആരോപണങ്ങളും പൂർണമായും കെട്ടിച്ചമച്ചതാണെന്നോ ഇതുവരെ
കോടതികൾ പറഞ്ഞിട്ടില്ല..മാധ്യമങ്ങളോട് ഒപ്പം നില്ക്കുമ്പോഴും : യു.എസ്
ആസ്ഥാനമായുള്ള കമ്പനിയിൽ നിന്ന് നിയമവിരുദ്ധമായി ₹9.59 കോടി രൂപ വിദേശ നിക്ഷേപം (FDI)
സ്വീകരിച്ചു
എന്നത് ന്യൂസ് ക്ലിക്ക് നിഷേധിക്കുന്നില്ല..ഒപ്പം ആ വിദേശ ഫണ്ട് സ്വീകരിച്ച
സമയത്ത് ഡിജിറ്റൽ മാധ്യമങ്ങളിൽ ഇത്തരം നിക്ഷേപങ്ങൾക്ക് നിയന്ത്രണങ്ങൾ
ഉണ്ടായിരുന്നില്ലെന്ന് ആണ് കോടതി കണ്ടെത്തിയത്. ഇത്രയും പണം എന്തിന് വേണ്ടി ഈ
ചെറിയ മാധ്യമ സ്ഥാപനം സ്വീകരിച്ചു ഇൻഡ്യയിൽ ചിലവഴിച്ചു എന്ന ചോദ്യത്തിന് ആരാണ് ഇനി
ഉത്തരം നല്കുന്നത്..അത് എന്തായാലും ഒരു കാര്യം വ്യക്തമാണ്. ഈ കേസ് ഇന്ത്യയിലെ
ജനാധിപത്യത്തെക്കുറിച്ചും മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചും ഭരണകൂടത്തിന്റെ
അധികാരപരിധിയെക്കുറിച്ചും വലിയ ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. അവയുടെ ഉത്തരങ്ങൾ
ന്യൂസ്‌ക്ലിക്കിന്റെ ഭാവി മാത്രമല്ല... ഇന്ത്യൻ മാധ്യമരംഗത്തിന്റെ ഭാവിയും
നിർണയിച്ചേക്കാം.
"ഒരു ജനാധിപത്യത്തിൽ മാധ്യമങ്ങൾ സർക്കാരിനെ ഭയക്കേണ്ടതുണ്ടോ?
അതോ സർക്കാർ മാധ്യമങ്ങളെയാണോ ഭയക്കേണ്ടതു? നിങ്ങളുടെ അഭിപ്രായം കമന്റ്
ചെയ്യൂ.എന്റെ സംസാരങ്ങൾ അവസാനിക്കുന്നില്ല അത് തുടർന്നുകൊണ്ടേ ഇരിക്കും..
മോദിയുടെ മാധ്യമവേട്ട: https://youtu.be/LeBSM293Vfo
https://youtu.be/LeBSM293Vfo

0 അഭിപ്രായങ്ങള്‍