Ticker

6/recent/ticker-posts

മമത ഇനി മലമറിക്കുമോ..?.

മമത മലമറിക്കുമോ.. ?
അഞ്ച് നിയമസഭകളിലേക്ക് ഉള്ള തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ഏറ്റവും കൂടുതൽ ജനം ഞെട്ടിയത് പശ്ചിമ ബംഗാൾ ഫലത്തെ പറ്റി ഓർത്താണ്.. മുപ്പത്തിനാല് വർഷത്തെ ഇടതുഭരണം അവസാനിപ്പിച്ചുകൊണ്ടു 2011 ൽ മമതാ ബാനർജി അധികാരത്തിൽ വന്നപ്പോൾ പോലും ഇത്തരമൊരു ഞെട്ടൽ ആർക്കും ഉണ്ടായില്ല.. അന്ന് സത്യത്തിൽ ഞെട്ടിയത് മമതാ ബാനർജി മാത്രമാണ്.. കാരണം അങ്ങനെയൊരു തിരഞ്ഞെടുപ്പ് ഫലം മമത പോലും പ്രതീക്ഷിച്ചിരുന്നില്ല.. അതുകൊണ്ടാണല്ലോ അവർ 2011 ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറി നിന്നത്.. കൂടിവന്നാൽ ഒരു അമ്പതു സീറ്റ് നേടി മുഖ്യപ്രതിപക്ഷമാകും എന്നതിനപ്പുറം ഒന്നും മമത ആഗ്രഹിച്ചില്ല, പ്രതീക്ഷിച്ചില്ല.. അവർക്ക് അന്നും കേന്ദ്രത്തിൽ തന്നെയായിരുന്നു നോട്ടവും കണ്ണും.. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാൽ അന്നത്തെ വലംകൈയും വിശ്വസ്തനുമായ ഇന്നത്തെ സുവേന്ദു അധികാരിയെ പ്രതിപക്ഷ നേതാവാക്കി ആ ബലത്തിൽ വീണ്ടും ഡൽഹിയിൽ പോയി കളിക്കാം എന്നായിരുന്നു മമതയുടെ പ്ലാൻ..എന്നാൽ മമതയെപ്പോലും ഞെട്ടിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ആകെയുള്ള 294 സീറ്റിൽ 184 സീറ്റ് നേടി മമത ബാനർജിയുടെ പാർട്ടി ഒറ്റ കക്ഷിയായി അധികാരത്തിൽ വന്നു..കോൺഗ്രസിന് 42 സീറ്റ് കിട്ടി.. സിപിഎം 40 സീറ്റ് നേടി എങ്കിലും മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ എട്ട് നിലയിൽ പൊട്ടി..ചരിത്രം കുറിച്ച തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മമത ഈ ഭവാനിപ്പൂർ മണ്ഡലത്തിൽ നിന്ന് ഉപതിരഞ്ഞെടുപ്പിലൂടെ ആണ് വിജയിച്ചു മുഖ്യമന്ത്രിയായത്..അതിനു ശേഷം 2016 ലും 2021 ലും മമത തന്നെ വിജയിച്ചു ബംഗാളിൽ.. 

ഈ പതിനഞ്ച് വർഷത്തിനിടയിൽ എല്ലാവരും സിംഗൂരും നന്ദിഗ്രാമും മറന്നു.. മമത എല്ലാവരുടെയും പ്രിയങ്കരിയായി.. ബംഗാളിൽ നിന്നും സിപിഎംനേയും കോൺഗ്രസിനെയും മമത തുടച്ചു നീക്കി. കോൺഗ്രസ് സിപിഎം ഓഫീസുകൾ പോലും പിടിച്ചെടുത്തു ചായം പൂശി തൃണമൂൽ ഓഫീസുകൾ ആക്കി മാറ്റി. മുൻപ് ഇടതു ഭരണം നിർമ്മിച്ച് തേനും പാലും കൊടുത്തു വളർത്തിയ ഗുണ്ടാസൈന്യത്തെ സ്വന്തം വരുതിയിലാക്കി. കോൺഗ്രസ് എന്ന പേരിലോ സിപിഎം എന്ന പേരിലോ പുറത്തിറങ്ങി നടക്കുന്ന ആരേകണ്ടാലും അടിച്ചു ഒതുക്കി മമതയും മമതയുടെ ഗുണ്ടാസൈന്യവും. ഇതൊക്കെ അവിടെ അകത്തു നടക്കുമ്പോൾ കോൺഗ്രസ് നേതാക്കന്മാരും സിപിഎം നേതാക്കന്മാരും മമതയുടെ സാരിയുടെ തുമ്പ് താങ്ങി ഇൻഡി സഖ്യം എന്ന പേരിൽ ഇൻഡ്യ മുഴുവൻ പാടി പുകഴ്ത്തി നടക്കുകയായിരുന്നു.. അന്ന് നമ്മുടെ കേരളത്തിലെ ഇടത് വിരോധം പുലർത്തുന്ന ചാനലുകളും പത്രങ്ങളും മമതയെ സ്തുതിച്ചു സ്തുതിച്ചു വശം കെട്ടു. സാക്ഷാൽ ദുർഗ്ഗയുടെ അവതാരം എന്നാണ് ചില ടിവി അവതാരകർ ഈ മമതയെ വിശേഷിപ്പിച്ചത്. എന്നാൽ സിംഗൂറിലും നന്ദിഗ്രാമിലും നടന്ന കലാപങ്ങളിൽ അന്നത്തെ പ്രതിപക്ഷനേതാക്കളായിരുന്ന മമതയ്ക്കും കോൺഗ്രസിനും ഉള്ള പങ്ക് ചൂണ്ടിക്കാണിക്കുന്ന റിപ്പോർട്ടുകൾ സിപിഎം പോലും മറന്നു. ബംഗാളിൽ അവശേഷിക്കുന്ന കോൺഗ്രസ് സിപിഎം പ്രവർത്തകർ ജീവനും ശ്വാസത്തിനും വേണ്ടി കിടന്നു മരണവെപ്രാളം കാണിക്കുമ്പോൾ ഈ പാർട്ടിയുടെ ദേശീയ നേതാക്കന്മാർ മോദിക്ക് എതിരായി മുന്നണി ഉണ്ടാക്കാൻ മമതയോടൊപ്പം വട്ടമേശസമ്മേളനം നടത്തുകയായിരുന്നു. 2011 ൽ നാല്പത്തി രണ്ട് സീറ്റ് ഉണ്ടായിരുന്ന കോൺഗ്രസും 40 സീറ്റ് ഉണ്ടായിരുന്ന സിപിഎം ഉം മമതയുടെ ഭരണത്തിന്‍റെ കീഴിൽ വട്ടപ്പൂജ്യം ആയി. അങ്ങനെ സംപൂജ്യരായി നടക്കുന്ന കാലത്തും മമതസ്തുതി ഈ രണ്ടുപേരും നിർത്തിയില്ല എന്നതാണ് ഏറ്റവും കഷ്ടം. 2021  ലെ തിരഞ്ഞെടുപ്പിൽ നോമിനേഷൻ കൊടുക്കാൻ പോലും ഈ രണ്ടു പാർട്ടികളേയും മമത അനുവദിച്ചില്ല. സ്വതന്ത്രമായ രാഷ്ട്രീയ പ്രവർത്തനം ബംഗാളിൽ നഷ്ടപ്പെട്ടിട്ട് പോലും ബിജെപി വിരോധത്തിന്‍റെ പേരിൽ മമതയെ പിന്തുണച്ചു ഉള്ളത് കൂടി കൊണ്ടുനടന്നു തുലച്ചു കോൺഗ്രസും സിപിഎം ഉം..

ഇത്തവണ ഈ രണ്ടു പാർട്ടിക്കും നെറ്റിയിൽ വെക്കാൻ കൈനീട്ടം കിട്ടിയത് എങ്ങനെ ആണെന്ന് ഒന്ന് പരസ്യമായി പറയാനുള്ള തന്റേടമുണ്ടോ എം. എ. ബേബിക്കും കോൺഗ്രസ് നേതാവ് ഖാർഗെക്കും. ഒരു ദിവസമെങ്കിൽ ഒരു ദിവസമെങ്കിലും ഈ ബിജെപി വിരോധം മാറ്റിവെച്ച് കേന്ദ്രസേന ഉള്ള ധൈര്യത്തിലാണ് ഇത്തവണ തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്താൻ കഴിഞ്ഞതും അക്കൊണ്ട് തുറക്കാൻ കഴിഞ്ഞത് എന്നും ഒന്ന് സമ്മതിക്കേണ്ടി വരും സിപിഎം നു ബംഗാളിൽ. മമതയെ പേടിച്ചു ജീവനുംകൊണ്ട് ഓടിയ സഖാക്കൾ ആണ് ഇന്ന് ബംഗാളിൽ ബിജെപിയുടെ കൊടി പിടിക്കുന്നത്. കോൺഗ്രസുകാരും ഒട്ടും കുറവല്ല ബിജെപി ബംഗാൾ ഘടകത്തിൽ. ഇപ്പോഴത്തെ ബിജെപി മുഖ്യമന്ത്രി പോലും പഴയ കോൺഗ്രസുകാരൻ ആണെന്ന് ഓർമ്മ വേണം. സുവേന്ദു അധികാരിയുടെ അച്ഛൻ ശിശിർ അധികാരിയെ കോൺഗ്രസ് മറന്നിട്ടുണ്ടാകില്ല. കോൺഗ്രസിന്റെ മുൻകേന്ദ്രമന്ത്രിയായിരുന്നു അദേഹം.

മമതയെ ഈ കേരളത്തിൽ ഓരോ കാലത്തും പൊക്കികൊണ്ട് നടന്നവരാണ് ബിജെപി ഒഴികെ ഉള്ള എല്ലാ പാർട്ടികളും. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ കോൺഗ്രസ് നേതാവ് രാഹുൽ പറഞ്ഞത് ഒരു കാരണവശാലും മമതയെ വേദനിപ്പിക്കുന്ന ഒരു പ്രസ്താവനയും പശ്ചിമബംഗാൾ കോൺഗ്രസ് പറഞ്ഞുപോകരുത് എന്നാണ്. രാഹുലിന് അത് പറയാം. കാരണം ഈ ലോകം മുഴുവൻ ഇരട്ട പേരിട്ട് പരിഹസിച്ചും കളിയാക്കിയും സഹിക്കാൻ വയ്യാതെ തലയിൽ മുണ്ടും ഇട്ട് നടന്ന ഈ രാഹുലിനെ ആളുകളുടെ മുന്നിൽ വെച്ചു ചേർത്ത് പിടിച്ചു നേരെ നടക്കാൻ പഠിപ്പിച്ച ആ സ്റ്റാലിനെ ഒറ്റ രാത്രി കൊണ്ടാണ് തള്ളിപ്പറഞ്ഞു ഉടുപ്പും പുതപ്പുമായി അടുത്ത പ്രഭാതത്തിൽ ജോസഫിന്റെ പാളയത്തില് ചെന്നു കേറിയത്.. ചെന്നു കേറിയാൽ ഉടനെ പായസം കിട്ടും എന്ന് കരുതി കസേര വലിച്ചിട്ട് ഇരുന്ന പ്രതിപക്ഷ നേതാവിനെ കഴിഞ്ഞ ദിവസം നടന്ന സത്യപ്രതിഞ്ജ ചടങ്ങിൽ ഒരു പട്ടിക്കുട്ടി പോലും തിരിഞ്ഞു നോക്കിയില്ല.. സ്റ്റാലിന്റെ ബലത്തിലും മിടുക്കിലും ആണ് തമിഴ് നാട്ടിൽ കോൺഗ്രസ് അഞ്ച് എം എൽ എ യെ ഉണ്ടാക്കിയത്.. അയാളോട് നന്ദികേട് കാണിച്ച രാഹുലന് മമത കാരണം ദുരിതം അനുഭവിച്ച ബംഗാളിലെ കോൺഗ്രസുകാരെ കാണാൻ കഴിയുമോ.. അങ്ങേർക്ക് വേണ്ടത് പ്രധാനമന്ത്രിപദം ആണ്.. അതിനായി ഏത് നാറിയാ കളിയും കളിക്കും..

ഈ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ഒരു വലിയ കോമഡി പറഞ്ഞു മലയാളത്തിലെ ഒരു ചാനൽ എന്നെ നന്നായി ചിരിപ്പിച്ചു.. മീഡിയ വൺ എന്ന ചാനൽ ആണ് അത്.. എന്ത് കിട്ടിയാലും ഇങ്ങോട്ട് തന്നേക്ക് എന്നും പറഞ്ഞു മേടിക്കാൻ വേണ്ടി മാത്രം ജീവിക്കുന്ന കുറെ ജീവികൾ ഉണ്ടല്ലോ അവിടെ.. അവരെല്ലാം കൂടി വട്ടം കൂടി ഇരുന്ന് പറയുന്നത് കേട്ടപ്പോൾ ചിരി വന്നു.. മമതാ ബാനർജി ബംഗാളിൽ തോറ്റത് കൊണ്ട് സത്യത്തിൽ ഉറക്കം പോകുന്നതും ഭയപ്പെടുന്നതും മോദി ആണ്.. കാരണം മമത ബംഗാളിൽ നിന്നും ഇറങ്ങി വന്നു ഇൻഡി മുന്നണിയുടെ നേതൃത്വം ഏറ്റെടുക്കും.. പിന്നെ കണ്ടോ ഇൻഡ്യയിൽ എന്താണ് നടക്കാൻ പോകുന്നത് എന്ന്.. ഇൻഡ്യയിൽ നടക്കാൻ പോകുന്ന അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇൻഡി മുന്നണിയെ മമത നയിക്കും.. മമത ഇൻഡ്യയിലെ എല്ലാ മലകളും കുത്തി മറിക്കും.. ആ മലകളുടെ ഇടയിൽ വീണും ഞെരിഞ്ഞും ബിജെപിയും മോഡിയും തകർന്നു തരിപ്പണം ആകും.. രാഹുൽ പ്രധാനമന്ത്രി ആകുമ്പോൾ മോഡിയും അമിത് ഷായും അമേരിക്കയിൽ അഭയം പ്രാപിക്കും.. അതാണ് ട്രമ്പിനെ പിണക്കാതെ കൊണ്ടുനടക്കുന്നത്.. ഇതൊക്കെയാണ് ഒരു വേന്ദ്രൻ ഇരുന്നു പറയുന്നത്.. അപ്പോൾ ചുറ്റും ഇരിക്കുന്ന ആളുകൾ എല്ലാം അതിന് കൈയ്യടിച്ചു പറയുന്നുണ്ട് ശരിയായ ശരിയായ മമത മല മറിക്കും.. മമത മല മറിക്കും..

മമതയെപ്പറ്റി ഒരു കാല് കഷ്ണം കാര്യം അറിയില്ല എന്നത് പോകട്ടെ മിനിമം ബംഗാളിനെപ്പറ്റിയെങ്കിലും പോട്ടെ കൊൽക്കത്തയെപ്പറ്റിയെങ്കിലും പത്തു കാര്യങ്ങൾ മനസിലാക്കി വെച്ചിട്ട് വേണം ഈ ചാനൽ ചർച്ചയ്ക്ക് മേക്കപ്പും ഇട്ട് വന്നു ഇരിക്കാൻ.. 2011 ൽ മമത അധികാരം പിടിച്ചത് ബംഗാളിലെ മോവോയിസ്റ്റ് നക്സൽ പിന്തുണയിൽ നന്ദിഗ്രാമിൽ നടത്തിയ കലാപങ്ങളുടെ വെളിച്ചത്തിൽ ആണെന്ന് ഉറക്കെ പറയാൻ സിപിഎം പോലും ഭയപ്പെടുന്ന അല്ലെങ്കിൽ മടികാണിക്കുന്ന കാലമാണ് കഴിഞ്ഞ പതിനഞ്ച് വർഷമായി കടന്നുപോയത്..മമതയെ പിന്തുണച്ച ഒരു മാവോ നക്സൽ ഗ്രൂപ്പുകളും ഇന്ന് ബംഗാളിൽ ഇല്ല.. കേന്ദ്രസേന നടത്തിയ മാവോ വിരുദ്ധ പോരാട്ടത്തിൽ ബംഗാളിലും ബംഗാളിലേക്ക് വരാൻ സാധ്യതയുള്ള അയൽ സംസ്ഥാനങ്ങളിലെ മാവോ ഗ്രൂപ്പുകളും നമാവിശേഷമായി.. പിന്നെ ഉണ്ടായിരുന്നത് അനധികൃത വോട്ടും ആ വോട്ട് സംരക്ഷിക്കാൻ മമത തന്നെ ചോറും കറിയും കൊടുത്തു വളർത്തിയ ഗുണ്ടാ സംഘങ്ങളും ആണ്.. SIR ന്റെ പേരിൽ മമതയെ പിന്തുണയ്ക്കുന്നവർ സത്യത്തിൽ സത്യം മനസിലാക്കാതെയാണ് സംസാരിക്കുന്നത്.. SIR നടപ്പാക്കി തിരഞ്ഞെടുപ്പിനെ നേരിട്ട 20 മണ്ഡലങ്ങളിൽ ഏതാണ്ട് 25000 നും 75000 നും ഇടയിൽ വോട്ടർമാർ ഒഴിവാക്കപ്പെട്ട 20 മണ്ഡലങ്ങളിൽ 13 ഇടത്തും ജയിച്ചത് തൃണമൂൽ സ്ഥാനാർത്ഥികൾ ആണ്.. ഒരിടത്ത് കോൺഗ്രസും.. ബാക്കി ആറ് മണ്ഡലമാണ് ബിജെപി ക്ക് ലഭിച്ചത്.. നമ്മുടെ കേരളത്തിൽ മഞ്ചേശ്വരം മണ്ഡലത്തിലെ വിജയത്തെക്കുറിച്ച് എന്താ കോൺഗ്രസ് മിണ്ടാത്തത്.. അല്ലെങ്കിൽ ലീഗ് മിണ്ടാത്തത്.. SIR ലീഗിനും ഗുണമുണ്ടാക്കി എന്ന് സമ്മതിക്കാൻ ലീഗ് തയാറാണോ.. അതുതന്നെയാണ് ബംഗാളിലും നടന്നത്.. SIR ആണോ 2021 ൽ മമതയെ നന്ദിഗ്രാമിൽ തോൽപ്പിച്ചത്.. ഈ തവണ ഭവാനിപ്പൂർ എന്ന കോട്ടയിൽ അവരുടെ വീട് നിൽക്കുന്ന മണ്ഡലത്തിൽ എന്തുകൊണ്ട് മമത തോറ്റു.. ഇതൊക്കെ മനസിലാക്കാതെ വെറും മോദി വിരോധവും ബിജെപി വിരോധവും വെച്ചുകൊണ്ടു ഇൻഡ്യൻ രാഷ്ട്രീയം വിലയിരുത്താൻ ശ്രമിക്കരുത്.. മിനിമം ഒരു വാർത്താ ചാനൽ അവതാരകൻ ആകാൻ കഴിഞ്ഞില്ല എങ്കിലും രാഹുൽ ആകാതെ ഇരിക്കാൻ ശ്രമിക്കുക.. മമതാ ബാനർജി എന്ന രാഷ്ട്രീയക്കാരിയുടെ കാലം കഴിഞ്ഞു.. അവർ സ്വന്തം പാളയത്തിൽ തന്നെ മുങ്ങാൻ തുടങ്ങിയിട്ട് കാലം കുറെ ആയി.. ഒരു മലയും മറിക്കാനോ മല കേറാനോ ഉള്ള ആരോഗ്യവും ആവതും അവർക്ക് ഇല്ല.. പ്രായം എഴുപത് കഴിഞ്ഞു.. അടുത്ത ഒരു തലമുറയെ പോലും സ്വന്തം പാർട്ടിയിൽ ഉണ്ടാക്കാൻ ശ്രമിക്കാതെ തികച്ചും ലേഡി ഹിറ്റ്ലർ ആയി ആണ് അവർ ഈ കാലമെല്ലാം കഴിഞ്ഞത്.. തോറ്റ് കഴിഞ്ഞപ്പോൾ ആണ് പ്രതിപക്ഷ ഐക്യം എന്ന പുതിയ അടവുമായി വരുന്നത്..അഖിലേഷ് യാദവിനെപ്പോലെയുള്ള ഭിക്ഷാംദേഹികൾക്ക് മമത കാളിയോ ഭദ്രയോ പുതിയ സൂര്യോദയമോ ഒക്കെ ആയേക്കാം.. എന്നാൽ ബംഗാൾ ജനത ഈ മമതയെ വലിച്ചു കീറി ചരിത്രത്തിന്റെ ഭിത്തിയിൽ ഒട്ടിച്ചു കഴിഞ്ഞു.. നോക്കിക്കോ ഇവരുടെ ഏകാധിപത്യം സഹിക്കാൻ വയ്യാത്ത അവരുടെ പാർട്ടിക്കാർ തന്നെ അവരെ എടുത്തു പുറത്തുകളയും....ഈ തൃണമൂൽ രണ്ടും മൂന്നും നാലുമായി പിളരും.. കുറച്ചുപേർ സിപിഎം ലും കോൺഗ്രസിലും മടങ്ങി പോകും.. ബാക്കിയുള്ളവർ ബിജെപി യിൽ തന്നെ അഭയം പ്രാപിക്കും.. ശേഷിക്കുന്നവർ അതിർത്തി കടന്നു എവിടെനിന്ന് വന്നോ അങ്ങോട്ട് ഓടും....മമത മാത്രം അവസാനം ബാക്കിയാകും..ഈ അവസരം ഫലപ്രദമായി ഉപയോഗിക്കാൻ സിപിഎം നു കഴിഞ്ഞാൽ അവർക്ക് ബംഗാളിൽ ഒരു സാധ്യത ഉണ്ട്.. അതല്ല ബിജെപി വിരോധം മാത്രം മനസിൽ വെച്ചു സ്വന്തം വോട്ട് കാസർകോഡും മഞ്ചേശ്വരത്തും മറിച്ചു കൊടുത്തു കോൺഗ്രസിനെ സഹായിക്കാൻ ആണെങ്കിൽ നേമത്തും കഴക്കൂട്ടത്തും ചാത്തന്നൂരിലും സംഭവിച്ചതുപോലെ തോറ്റും തുന്നം പാടിയും ഇനിയുള്ള കാലം ജീവിച്ചു പോകാം..തൃണമൂൽ കോൺഗ്രസിൽ ഇപ്പോൾ തന്നെ കലാപം ആരംഭിച്ചിട്ടുണ്ട്.. എതിര് ശബ്ദം പുറപ്പെടുവിച്ച ഒരാളെ ഇന്ന് പുറത്താക്കി മമത.. റിജു ദത്തയെ പുറത്താക്കിയത് സുവേന്ദു വിനെക്കുറിച്ച് നല്ലത് പറഞ്ഞത് കൊണ്ടാണ്.. മുൻ തൃണമൂൽ മന്ത്രി മനോജ് തിവാരി മമതയെ തന്നെ ശക്തമായി വിമർശിച്ചുകൊണ്ട് രംഗത്ത് വന്നുകഴിഞ്ഞു..     

ബംഗാളിൽ തിരഞ്ഞെടുപ്പ് നടന്ന ദിവസങ്ങളിൽ കേരളം ഏതാണ്ട് സ്തംഭിച്ച അവസ്ഥയിൽ ആയിരുന്നു.. കാരണം കേരളത്തിലെ ലക്ഷക്കണക്കിന് ബംഗാളികൾ വോട്ട് ചെയ്യാൻ വേണ്ടി ഇത്തവണ ബംഗാളിലേക്ക് പോയി.. റിക്കോർഡ് വോട്ടിങ് ശതമാനം ആയിരുന്നു ബംഗാളിൽ.. എല്ലാവരും അപ്പോൾ പറഞ്ഞത് മമത തന്നെ മടങ്ങി വരും ബിജെപിയുടെ ആപ്പീസ് പൂട്ടും എന്നൊക്കെയാണ്. ഫോർവേഡ് ബ്ലോക്കിലെ ജീവിച്ചിരിക്കുന്ന ഏക മെമ്പർ ദേവരാജനും മറ്റുള്ള ദേവന്മാരും പറഞ്ഞത് ഇടതുപക്ഷം തന്നെ മടങ്ങി വരും എന്നൊക്കെയാണ്.. ഇത്തവണ ഒരു ചാൻസ് ഉണ്ട് എന്നാണ്..ഒരുകാലത്ത് പത്തും മുപ്പതും എം എൽ എ മാർ ഉണ്ടായിരുന്ന പാർട്ടിയാണ് ഈ ഫോർവേഡ് ബ്ലോക്ക്.. ആ എം എൽ എ മാരൊക്കെ ജീവിച്ചിരുപ്പുണ്ടോ എന്നുപോലും ഈ ജി ദേവരാജന് അറിയില്ല.. എന്നിട്ടും വലിയ പ്രവചനങ്ങൾ ആണ് അടിച്ചു വിടുന്നത്..സുഭാഷ് ചന്ദ്രബോസ് ഉണ്ടാക്കിയ പാർട്ടി ഇന്ന്  ടിവി ചർച്ചകളിലൂടെ മാത്രം ജീവിക്കുന്ന ഒരു രാഷ്ട്രീയപാർട്ടിയായി മാറി..അത് പോട്ടെ...എന്നാൽ സർജിക്കൽ സ്ട്രൈക്ക് ആയത് മമത മടങ്ങി വരും എന്ന്  ആവർത്തിച്ചു വിളിച്ചു പറഞ്ഞ ചാനൽ അവതാരകർക്ക് കൂടിയാണ് ആണ്.. പലരും പിന്നെ ശ്വാസം വിടാൻ കുറെ ദിവസം എടുത്തു.. അവധിക്ക് ബംഗാളിൽ പോയ അഥിതി തൊഴിലാളികൾ പതുക്കെ ഓരോരുത്തരായി മടങ്ങി വന്നു തുടങ്ങിയിട്ടുണ്ട്.. അവരുടെ മുഖത്തെ ചിരിയും സന്തോഷവും ഒരു ചാനലും പകർത്തി കണ്ടില്ല.. അതൊന്നും കാണാതെ വട്ടം കൂടി ഇരുന്നു മമതയെ കൊണ്ട് മല മറിപ്പിക്കാൻ ഉള്ള പരിശ്രമത്തിലാണ് നമ്മുടെ മലയാളം ചാനലുകൾ..  

വീഡിയോ കാണുക: 

https://youtu.be/nLlSYiEng9k

എം.എസ്.വിനോദ് 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍